പേരാമ്പ്ര : ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കുനേരേ സാമൂഹികമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. പന്തിരിക്കര ചങ്ങരോത്ത് ആശാരികണ്ടി മുഹമ്മദ് ഹാദി (26) ആണ് അറസ്റ്റിലായത്. പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടർ പി. അരുൺ ദാസ്, എസ്.ഐ. കെ. ഖദീജ, പേരാമ്പ്ര ഡിവൈ.എസ്.പി.യുടെ ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പേരാമ്പ്രയിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്ന് യുവാവിനെ പിടികൂടിയത്.
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്താവിച്ച ആലപ്പുഴ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയെ വധിക്കണം എന്നുള്ള കുറിപ്പാണ് മുഹമ്മദ് ഹാദി ഫെയ്‌സ്ബുക്കിലിട്ടതെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പെരുവണ്ണാമൂഴി സ്റ്റേഷൻ ഹൗസ് ഓഫീസർ സ്വമേധയാ കേസ് രജിസ്റ്റർചെയ്താണ് അന്വേഷണം നടത്തിയത്. ഫോൺ അന്വേഷണ ഉദ്യോഗസ്ഥയായ എസ്.ഐ. കെ. ഖദീജ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.