കോഴിക്കോട്: ബിജെപി ജില്ലാ നേതാവിന്റെ മുൻ ഡ്രൈവർ യുവമോർച്ച മുൻ വനിത നേതാവിനെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി. പേരാമ്പ്ര കടിയങ്ങാട് സ്വദേശി സുജിത്തിനെതിരെയാണ് കുന്നമംഗലം സ്വദേശിയായ യുവതി പരാതി നൽകിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്താണ് യുവതി താത്ക്കാലിക ജോലിക്കായി ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. ഇതിന് ശേഷം രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്തു. സുജിത്ത് പ്രണയം നടിക്കുകയും വിവാഹവാഗ്ദാനം നൽകിയ ശേഷം യുവതിയെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
യുവതിയുടെ ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്തതായും പരാതിയിൽ പറയുന്നുണ്ട്. പിന്നീട് ഇയാൾ ബിജെപി ജില്ലാ നേതാവിന്റെ ഡ്രൈവർ ജോലി ഉപേക്ഷിച്ചു. എന്നാൽ പരാതിക്കാരിക്ക് നിലവിൽ സംഘടനയുമായി ബന്ധം ഇല്ലെന്ന് യുവമോർച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ അറിയിച്ചു.
അസിസ്റ്റന്റ് കമ്മിഷണർ കെ സുദർശനാണ് യുവതി പരാതി നൽകിയത്. സംഭവം നടന്നത് കൂത്താളിയിലായതിനാൽ പേരാമ്പ്ര പൊലീസിന് പരാതി കൈമാറി.