
പേരാമ്പ്ര : ചേനായി എടവരാട് മഞ്ചേരിക്കുന്നിൽ ഓട്ടോ കത്തിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. എടവരാട് കാലംകോട്ട് രാഘവൻ (50), എടവരാട് കൊയിലോത്ത് ഷിബിൻ ലാൽ (കുട്ടൻ- 32) എന്നിവരെയാണ് പേരാമ്പ്ര ഇൻസ്പെക്ടർ എം.എ. സന്തോഷ് അറസ്റ്റ് ചെയ്തത്. ഇരുവരും ഓട്ടോഡ്രൈവർമാരാണ്. ജനുവരി 21-ന് പുലർച്ചെ 2.30-ഓടെയാണ് സമീപത്തെ വീട്ടിൽ നിർത്തിയിട്ട മുക്കള്ളിൽ ഷക്കീറിന്റെ ഓട്ടോ റോഡിലേക്ക് തള്ളിയെത്തിച്ച് കത്തിച്ചത്. അയ്യപ്പൻകാവിൽ അതുൽ രാജിന്റെ ഓട്ടോയും റോഡരികിൽ മറിച്ചിട്ടിരുന്നു.
ഷക്കീറും അതുൽ രാജും പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് ഓടുന്ന ഓട്ടോഡ്രൈവർമാരാണ്. എടവരാട് ചേനായിലുള്ള ഓട്ടോകൾ പേരാമ്പ്ര വന്ന് ആളുകളെ കയറ്റിപ്പോകുന്നത് പേരാമ്പ്ര ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റിയിൽപ്പെട്ടവർ ചോദ്യംചെയ്തിരുന്നു. പോലീസിലും പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിനാണ് ഓട്ടോ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കേസിൽ അന്വേഷണം നടക്കവെ ജനുവരി 29-ന് പുലർച്ചെ രാത്രി ചേനായിയിൽ വീണ്ടും ഒരു ഓട്ടോയും ബൈക്കും കത്തിക്കുകയുണ്ടായി. ബൈക്ക് ഇപ്പോൾ അറസ്റ്റിലായ ഷിബിൻ ലാലിന്റേതായിരുന്നു. ഇത് കേസ് വഴിതിരിച്ചുവിടാൻ സ്വയംചെയ്തതോണോ എന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രതികളെ പിടികൂടാനായി ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ പ്രത്യേക മേൽനോട്ടത്തിൽ പേരാമ്പ്ര ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ കീഴിൽ ഇൻസ്പെക്ടർ എം.എ. സന്തോഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. പ്രൊബേഷണറി എസ്.ഐ. വി. ബിജു, എസ്.ഐ. പി. പ്രദീപൻ, എസ്.സി.പി.ഒ.മാരായ റിയാസ്, അരുൺ ഘോഷ്, ഡിവൈ.എസ്.പി.ക്ക് കീഴിലെ ഡാൻസാഫ് സ്ക്വാഡിലെ ഇ.കെ. മുനീർ, ടി. വിനീഷ്, എൻ.എം. ഷാഫി, സിഞ്ചുദാസ്, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
രാഘവനെയും ഷിബിൻലാലിനെയും കഴിഞ്ഞയാഴ്ച ചോദ്യംചെയ്തിരുന്നു. ചോദ്യം ചെയ്യലിന് വീണ്ടുമെത്താൻ നോട്ടീസ് നൽകിയപ്പോൾ ഇരുവരും ഓട്ടോയിൽ ഒളിവിൽപ്പോയി. മംഗളൂരു ഭാഗത്ത് കുറച്ചുദിവസം തങ്ങി കഴിഞ്ഞദിവസം തിരികെയെത്തി. വയനാട് വഴി മൈസൂരുവിലേക്ക് കടക്കാനായിരുന്നു പദ്ധതി. നാട്ടിൽ വരാതെ പൂതംപാറയിൽ ഓട്ടോ നിർത്തി വിശ്രമിക്കവേയാണ് പിടിയിലായത്. രണ്ടാമത്തെ ഓട്ടോ കത്തിച്ച സംഭവത്തിലും ഇവർക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്ന് ഡിവൈ.എസ്.പി. വ്യക്തമാക്കി.