പേരാമ്പ്ര: വാളൂരിലെ അനു കൊലക്കേസില്‍ പ്രതി മുജീബ്‌റഹ്‌മാനുമായി തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന വാളൂര്‍ നൊച്ചാട് പി.എച്ച്.സിക്ക് സമീപത്തെ തോട്ടിനരികില്‍ പ്രതിയെ എത്തിച്ചാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. അതേസമയം, തെളിവെടുപ്പിനിടെ പ്രതിക്കെതിരേ വന്‍ പ്രതിഷേധമുയര്‍ന്നു. പ്രതിയെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് വന്‍ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയിരുന്നത്.
പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന വിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെമുതല്‍ തന്നെ സ്ഥലത്ത് ആളുകള്‍ എത്തിയിരുന്നു. പ്രതിക്കെതിരേ പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പായതോടെ തെളിവെടുപ്പുമായി സഹകരിക്കണമെന്ന് പോലീസും ജനപ്രതിനിധികളും നാട്ടുകാരോട് അഭ്യര്‍ഥിച്ചു. എന്നാല്‍, മുജീബ്‌റഹ്‌മാനുമായി പോലീസ് സംഘം സ്ഥലത്തെത്തിയോടെ ജനരോഷം അണപൊട്ടി. പ്രതിയെ കൂക്കിവിളിച്ച നാട്ടുകാര്‍, അസഭ്യവര്‍ഷവും നടത്തി. ഇതോടെ ഏറെ പണിപ്പെട്ടാണ് പ്രതിയെ പോലീസ് ബസ്സില്‍നിന്ന് പുറത്തിറക്കാനായത്. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയുമായി പോലീസ് സംഘം മടങ്ങി.
കൊലപാതകം നടന്ന തോടിന് സമീപത്തേക്ക് പ്രതിയെ കൊണ്ടുവന്ന് ഇവിടെവച്ചല്ലേ കൃത്യം നടത്തിയതെന്നായിരുന്നു പോലീസിന്റെ ചോദ്യം. പ്രതി മുജീബ്‌റഹ്‌മാന്‍ അതെ എന്ന് മറുപടിയും നല്‍കി. പിന്നാലെ പ്രതിയെ പോലീസ് സംഘം തിരികെ വാഹനത്തില്‍ കയറ്റി. തടിച്ചുകൂടിയ ജനങ്ങള്‍ ഇതിനിടെ പ്രതിക്ക് നേരേ തിരിഞ്ഞതോടെ പ്രതിയുമായി മടങ്ങാനും ഏറെ സമയമെടുത്തു. പ്രതിയെ കയറ്റിയ പോലീസ് ബസ്സിന് നേരേ കല്ലേറുമുണ്ടായി.
മാര്‍ച്ച് 11-ന് രാവിലെ വാളൂര്‍ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് പി.എച്ച്.സി.യുടെ സമീപത്തെ തോട്ടില്‍വെച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ പോകാന്‍ സ്വന്തംവീട്ടില്‍നിന്ന് അനു കാല്‍നടയായി മുളിയങ്ങലിലേക്ക് പോകുന്ന വഴിയിലായിരുന്നു കൊലപാതകം. ഇരിങ്ങണ്ണൂരില്‍നിന്ന് ആശുപത്രിയില്‍ പോകാനായി കാറില്‍ വരുകയായിരുന്നു ഭര്‍ത്താവ് പ്രജില്‍. ഈ വാഹനത്തില്‍ കയറാനാണ് പ്രജില്‍ അനുവിനോട് പറഞ്ഞിരുന്നത്. ഇതിനായി നടക്കുന്നതിനിടയില്‍ ഈവഴിയിലൂടെ മുജീബ് റഹ്‌മാന്‍ ബൈക്കിലെത്തിയത്. അനു ഭര്‍ത്താവിനോട് വേഗത്തിലെത്താമെന്ന് ഫോണില്‍ പറഞ്ഞത് പ്രതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ മുളിയങ്ങലില്‍ ഇറക്കാമെന്നുപറഞ്ഞ് യുവതിയെ ബൈക്കിന്റെ പിന്നില്‍ കയറ്റി. തോടിന്റെ പാലത്തിനടുത്തെത്തിയപ്പോള്‍ മൂത്രമൊഴിക്കാനെന്നപേരില്‍ നിര്‍ത്തി. ഇരുവരും ഇറങ്ങിയ സമയത്ത് യുവതിയെ തോട്ടിലേക്ക് പിന്നില്‍നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ത്തന്നെ ബോധം പോയതുപോലെയായ അനുവിനെ വെള്ളത്തില്‍ ചവിട്ടിപ്പിടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന്, യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ എല്ലാം കൈക്കലാക്കുകയും പാലത്തിന് അടിവശത്തേക്ക് മാറ്റിയിട്ട് സ്ഥലംവിടുകയും ചെയ്തു.
യുവതിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കവേയാണ് 12-ന് ഉച്ചയോടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്. ഒരാള്‍ മുങ്ങിമരിക്കാനുള്ള വെള്ളം തോട്ടിലുണ്ടായിരുന്നില്ല. സി.സി.ടി.വി.യില്‍നിന്ന് ബൈക്കില്‍ സഞ്ചരിക്കുന്ന പ്രതിയുടെ ചിത്രം ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അനു ബൈക്കില്‍ കയറിപ്പോകുന്നത് കണ്ടുവെന്ന നാട്ടുകാരിയുടെ മൊഴിയും പ്രധാനമായി.
കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് മുജീബ് വാളൂരിലേക്ക് എത്തിയത്. സംഭവത്തിനുശേഷം െബെക്ക് മലപ്പുറം എടവണ്ണപ്പാറ അങ്ങാടിക്കടുത്ത് ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്വര്‍ണം മറ്റൊരാള്‍ മുഖേന കൊണ്ടോട്ടിയിലെ സേട്ടുവിന്റെ കടയില്‍ വില്‍പ്പന നടത്തി. 1.70 ലക്ഷം രൂപയ്ക്കാണ് ഇത് വിറ്റത്. സ്വര്‍ണമാല, മോതിരം, പാദസരം, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷ്ടിച്ചത്. ഇവ ഉരുക്കിയനിലയില്‍ പോലീസ് കണ്ടെടുത്തിരുന്നു.