പേരാമ്പ്ര : വാളൂരിലെ അനു കൊലപാതകക്കേസിൽ പ്രതിയായ മുജീബ് റഹ്‌മാനെ (49) കൊണ്ടോട്ടിയിലെ ചെറുപറമ്പ് കോളനിയിലെ കാവുങ്കൽ നമ്പിലത്ത് വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുശേഷം എടവണ്ണപ്പാറയിൽ ബൈക്ക് ഉപേക്ഷിച്ച് ബസിൽ കൊണ്ടോട്ടിയിലെ വീട്ടിേലക്കാണ് മുജീബ് എത്തിയത്. ഈ വീട്ടിൽനിന്നാണ് പേരാമ്പ്ര പോലീസ് മുജീബിനെ സാഹസികമായി പിടികൂടിയത്. മുജീബ് കൊലയ്ക്കുശേഷം വാളൂരിൽനിന്നുപോയ വഴിയിലൂടെ മുജീബുമായി യാത്രചെയ്ത് പോലീസ് വിവരങ്ങൾ രേഖപ്പെടുത്തി.
സ്വർണം വിൽപ്പന നടത്തിയ കൊണ്ടോട്ടിയിലെ സേഠുവിന്റെ കടയിലും തെളിവെടുപ്പ് നടന്നു. ഇവിടെനിന്ന് നേരത്തേ സ്വർണം ഉരുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, മോതിരവും മാലയും കണ്ടെടുക്കാനായിരുന്നില്ല. സ്വർണം വിൽപ്പന നടത്തിയ ശേഷം ലഭിച്ച പണം ചീട്ടുകളിക്കായി ചെലവഴിച്ചെന്നാണ് മുജീബ് പോലീസിനോടു പറഞ്ഞത്. പേരാമ്പ്ര ഡിവൈ.എസ്.പി. കെ.എം. ബിജു, പേരാമ്പ്ര ഇൻസ്പെക്ടർ എം.എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.