പേരാമ്പ്ര: വാളൂരില്‍ യുവതിയെ തോട്ടില്‍ മുക്കിക്കൊന്ന കേസില്‍ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യം. കൃത്യം നടത്തുന്നതിന് മുന്‍പും ഇതിനുശേഷവും പ്രതി മുജീബ് റഹ്‌മാന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകും. ഹെല്‍മെറ്റ് ധരിച്ചാണ് മുജീബ് റഹ്‌മാന്‍ ബൈക്കോടിച്ചിരുന്നത്. കൊലയ്ക്ക് മുന്‍പ് ബൈക്കില്‍ പോകുമ്പോള്‍ ഇയാളുടെ പാന്റ് മടക്കിവെച്ചനിലയിലായിരുന്നു. തുടര്‍ന്ന് കൊലയ്ക്ക് ശേഷം ഇയാള്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളില്‍ പാന്റ്‌സിന്റെ മടക്ക് അഴിച്ചിട്ടിരുന്നതായി കാണം. ബൈക്കിന്റെ മുന്നില്‍ ഒരു ബാഗും ഉണ്ടായിരുന്നു. ഈ സമയത്ത് ഇയാളുടെ പാന്റ്‌സ് നനഞ്ഞിരുന്നതായും സിസിടിവി ദൃശ്യങ്ങളില്‍ സൂചനയുണ്ട്.
കൊല്ലപ്പെട്ട അനു ഒരു ചുവന്ന ബൈക്കില്‍ കയറിപ്പോകുന്നത് കണ്ടതായി നാട്ടുകാര്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ ഏറെ പ്രധാനപ്പെട്ട ഈ മൊഴി ലഭിച്ചതോടെ ചുവന്ന ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഈ അന്വേഷണത്തിലാണ് കൊലയ്ക്ക് മുന്‍പും ശേഷവും പ്രതി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തത്. അതിനിടെ, കേസിലെ പ്രതി മുജീബ് റഹ്‌മാനെ കോടതി ചൊവ്വാഴ്ച നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു. ഈ ദിവസങ്ങളില്‍ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും പോലീസ് പറഞ്ഞു. ബൈക്ക് മോഷ്ടിച്ച മട്ടന്നൂരില്‍ ഉള്‍പ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവസമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് പറഞ്ഞു. മുജീബ് റഹ്‌മാന്റെ വീട്ടില്‍നിന്നാണ് ഈ വസ്ത്രങ്ങള്‍ പോലീസ് കണ്ടെത്തിയത്. ഇയാളെ പിടികൂടാനായി പോലീസ് എത്തുമ്പോള്‍ വസ്ത്രങ്ങള്‍ കത്തിച്ചുകളയാന്‍ ഭാര്യ ശ്രമം നടത്തിയിരുന്നു. എന്നാല്‍, പോലീസിന്റെ കൃത്യമായ ഇടപെടല്‍ കാരണം ഇത് വിഫലമായി.
മാര്‍ച്ച് 11-ന് രാവിലെ വാളൂര്‍ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് പി.എച്ച്.സി.യുടെ സമീപത്തെ തോട്ടില്‍വെച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ പോകാന്‍ സ്വന്തംവീട്ടില്‍നിന്ന് അനു കാല്‍നടയായി മുളിയങ്ങലിലേക്ക് പോകുന്ന വഴിയിലായിരുന്നു കൊലപാതകം.
ഇരിങ്ങണ്ണൂരില്‍നിന്ന് ആശുപത്രിയില്‍ പോകാനായി കാറില്‍ വരുകയായിരുന്നു ഭര്‍ത്താവ് പ്രജില്‍. ഈ വാഹനത്തില്‍ കയറാനാണ് പ്രജില്‍ അനുവിനോട് പറഞ്ഞിരുന്നത്. ഇതിനായി നടക്കുന്നതിനിടയില്‍ ഈവഴിയിലൂടെ മുജീബ് റഹ്‌മാന്‍ ബൈക്കിലെത്തിയത്. അനു ഭര്‍ത്താവിനോട് വേഗത്തിലെത്താമെന്ന് ഫോണില്‍ പറഞ്ഞത് പ്രതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ മുളിയങ്ങലില്‍ ഇറക്കാമെന്നുപറഞ്ഞ് യുവതിയെ ബൈക്കിന്റെ പിന്നില്‍ കയറ്റി. തോടിന്റെ പാലത്തിനടുത്തെത്തിയപ്പോള്‍ മൂത്രമൊഴിക്കാനെന്നപേരില്‍ നിര്‍ത്തി. ഇരുവരും ഇറങ്ങിയ സമയത്ത് യുവതിയെ തോട്ടിലേക്ക് പിന്നില്‍നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ത്തന്നെ ബോധം പോയതുപോലെയായ അനുവിനെ വെള്ളത്തില്‍ ചവിട്ടിപ്പിടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന്, യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ എല്ലാം കൈക്കലാക്കുകയും പാലത്തിന് അടിവശത്തേക്ക് മാറ്റിയിട്ട് സ്ഥലംവിടുകയും ചെയ്തു.
യുവതിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കവേയാണ് 12-ന് ഉച്ചയോടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്. ഒരാള്‍ മുങ്ങിമരിക്കാനുള്ള വെള്ളം തോട്ടിലുണ്ടായിരുന്നില്ല. സി.സി.ടി.വി.യില്‍നിന്ന് ബൈക്കില്‍ സഞ്ചരിക്കുന്ന പ്രതിയുടെ ചിത്രം ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അനു ബൈക്കില്‍ കയറിപ്പോകുന്നത് കണ്ടുവെന്ന നാട്ടുകാരിയുടെ മൊഴിയും പ്രധാനമായി. കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് മുജീബ് വാളൂരിലേക്ക് എത്തിയത്. സംഭവത്തിനുശേഷം െബെക്ക് മലപ്പുറം എടവണ്ണപ്പാറ അങ്ങാടിക്കടുത്ത് ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്വര്‍ണം മറ്റൊരാള്‍ മുഖേന കൊണ്ടോട്ടിയിലെ സേട്ടുവിന്റെ കടയില്‍ വില്‍പ്പന നടത്തി. 1.70 ലക്ഷം രൂപയ്ക്കാണ് ഇത് വിറ്റത്. സ്വര്‍ണമാല, മോതിരം, പാദസരം, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷ്ടിച്ചത്. ഇവ ഉരുക്കിയനിലയില്‍ പോലീസ് കണ്ടെടുത്തിരുന്നു.