പേരാമ്പ്ര: അനു കൊലക്കേസില്‍ പ്രതി മുജീബ് റഹ്‌മാനെ കസ്റ്റഡിയില്‍വിട്ടു. പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടത്. ഈ ദിവസങ്ങളില്‍ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും വിധേയമാക്കും. അനുവിന് പ്രതി ലിഫ്റ്റ് നല്‍കിയ ബൈക്ക് കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കും മുന്‍പ് ബൈക്ക് മോഷ്ടിച്ച മട്ടന്നൂരിലടക്കം പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോകും.
മാര്‍ച്ച് 11-നാണ് പേരാമ്പ്ര വാളൂര്‍ സ്വദേശിനിയായ അനുവിനെ മുജീബ് റഹ്‌മാന്‍ കൊലപ്പെടുത്തിയത്. ബൈക്കില്‍ ലിഫ്റ്റ് നല്‍കിയ ശേഷം യുവതിയെ തോട്ടില്‍ തള്ളിയിട്ട പ്രതി, വെള്ളത്തില്‍ ചവിട്ടിപ്പിടിച്ചാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായി ഇയാള്‍ കടന്നുകളഞ്ഞു. സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ പ്രതിക്കായി പേരാമ്പ്ര പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് മലപ്പുറം പോലീസിന്റെ സഹായത്തോടെ ഞായറാഴ്ചയാണ് പ്രതിയെ പിടികൂടിയത്.
കൊടുംക്രിമിനലായ മുജീബ് റഹ്‌മാന്‍ മോഷണം, ബലാത്സംഗം ഉള്‍പ്പെടെ 57 കേസുകളില്‍ പ്രതിയാണ്. നാലുവര്‍ഷം മുന്‍പ് മുക്കത്ത് വയോധികയെ ഓട്ടോയില്‍ കയറ്റി ക്രൂരമായി ബലാത്സംഗംചെയ്ത ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസിലും മുജീബ് റഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങി. പണംതീര്‍ന്നാല്‍ മോഷണത്തിനായി ഇറങ്ങുന്നതാണ് മുജീബ് റഹ്‌മാന്റെ രീതി. അനുവിന്റെ കൊലപാതകം നടന്ന സമയത്തും പണത്തിന് അത്യാവശ്യമുണ്ടായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
മോഷ്ടിച്ച വാഹനങ്ങളില്‍ കറങ്ങിനടന്ന് കവര്‍ച്ച നടത്തുന്നതാണ് പതിവ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍നിന്ന് സ്ത്രീകളെ ഓട്ടോയില്‍ കയറ്റി യാത്രാമധ്യേ ആക്രമിച്ച് അവശരാക്കി ക്രൂരമായി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കവര്‍ന്ന് വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുന്നതുമൊക്കെയാണ് പ്രതിയുടെ സ്ഥിരംരീതികള്‍. പരാതി പറയാന്‍ സ്ത്രീകള്‍ മടിക്കുന്ന കേസുകളില്‍ ഇയാള്‍ വഴുതിപ്പോവുകയും ചെയ്യും. മോഷണത്തിന് ഇറങ്ങിയാല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത് വെക്കുകയെന്ന മുന്‍കരുതലും ഇയാള്‍ സ്വീകരിക്കാറുണ്ട്. വാളൂരില്‍ കൊലപാതകം നടന്ന ദിവസം യാത്രചെയ്യുന്ന സമയത്തൊന്നും ഇയാള്‍ ഫോണ്‍ ഉപയോഗിച്ചിട്ടേയില്ല.
തലശ്ശേരിയില്‍ ഓട്ടോ കവര്‍ന്നതിലും കൊണ്ടോട്ടിയില്‍ ഒരു വീടിന്റെ വാതില്‍ കത്തിച്ച് കവര്‍ച്ചനടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. 2020 ജൂലായ് രണ്ടിന് മുക്കം മുത്തേരിയില്‍ വയോധികയെ ഓട്ടോയില്‍ കയറ്റി ആക്രമിച്ച് ബലാത്സംഗംചെയ്ത് കവര്‍ച്ചനടത്തിയ കേസില്‍ ചോമ്പാലയില്‍നിന്ന് മോഷ്ടിച്ച ഓട്ടോയാണ് ഉപയോഗിച്ചത്. വ്യാജനമ്പര്‍പ്ലേറ്റും ഘടിപ്പിച്ചിരുന്നു. അന്നുതന്നെ ഒരു സ്ത്രീയുടെ മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ രണ്ടാമതാണ് 65-കാരിക്ക് നേരെ അതിക്രമമുണ്ടായത്. കോഴിക്കോട് ചേവരമ്പലത്ത് വാടകയ്ക്ക് താമസിച്ച സമയത്താണ് ഈ കവര്‍ച്ച നടത്തി യത്. തലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ 2019 ഡിസംബറില്‍ സ്ത്രീയുടെ ആഭരണവും കവര്‍ന്നിരുന്നു.
കവര്‍ച്ച ചെയ്യുന്ന സ്വര്‍ണം വില്‍പ്പന നടത്താന്‍ മറ്റു ചിലരെ ഏല്‍പ്പിക്കുകയാണ് ഇയാള്‍ ചെയ്യാറുള്ളത്. മുക്കത്ത് കവര്‍ച്ച നടത്തിയപ്പോള്‍ വേങ്ങര സ്വദേശി ജമാലുദ്ദീനാണ് വില്‍പ്പന നടത്താന്‍ സഹായിച്ചത്. അനുവിന്റെ സ്വര്‍ണം കൊണ്ടോട്ടി ചുണ്ടക്കാട് അബൂബക്കറാണ് വില്‍പ്പന നടത്തിയത്. ഇയാള്‍ മുജീബ് റഹ്‌മാന്റെ ഇക്കാര്യത്തിലെ സ്ഥിരംസഹായിയാണ്.
കേസുകള്‍ കൈകാര്യം ചെയ്യുന്നത് ഭാര്യ
പേരാമ്പ്ര : അനു കൊലപാതകക്കേസ് പ്രതി കൊണ്ടോട്ടിയിലെ മുജീബ് റഹ്‌മാന്റെ വീട്ടിലെത്തിയ പോലീസിന് കാണാന്‍കഴിഞ്ഞത് മോഷണത്തിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍. മാലപൊട്ടിക്കാനുള്ളതടക്കം വിവിധതരം കത്തികളും ടോര്‍ച്ചുകളുമെല്ലാം പ്രത്യേകം സൂക്ഷിച്ചിരുന്നു. മുക്കത്ത് പീഡനത്തിനിരയായ സ്ത്രീ തന്നെ എന്തോ മണപ്പിച്ച് ബോധംകെടുത്തിയശേഷമാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നു.
ഇത്തരത്തില്‍ ബാഗില്‍ എല്ലാ സംവിധാനവുമായാണ് മുജീബ് മോഷണത്തിനായി ഇറങ്ങുന്നത്. പോലീസ് പിടിയിലായാല്‍ കേസുകളെല്ലാം കൃത്യമായി കൈകാര്യംചെയ്യുന്നത് ഭാര്യയുടെ നേതൃത്വത്തിലാണ്. പോലീസ് വീട്ടില്‍ അന്വേഷിച്ചുചെന്നദിവസം കൊലപാതകദിവസം മുജീബ് ധരിച്ച വസ്ത്രങ്ങളെല്ലാം കത്തിക്കാനുള്ള ശ്രമവും ഭാര്യ നടത്തിയിരുന്നു. പോലീസ് ഇത് വിഫലമാക്കുകയായിരുന്നു.