പേരാമ്പ്ര : വാളൂരിലെ കുറുങ്കുടി മീത്തല്‍ അനു കൊലപാതകക്കേസില്‍ പ്രതിയായ കൊണ്ടോട്ടി ചെറുപറമ്പ് കോളനി കാവുങ്കല്‍ നമ്പിലത്ത് വീട്ടില്‍ മുജീബ് റഹ്‌മാന്റെ (49) പഴയ കേസുകളിലെ ജാമ്യം റദ്ദാക്കാന്‍ പോലീസ് നടപടി തുടങ്ങി. ജാമ്യത്തിലിറങ്ങിയശേഷവും കൊലപാതകവും മോഷണവുമടക്കമുള്ള കേസുകളില്‍ ഉള്‍പ്പെടുന്ന കാര്യം ചൂണ്ടിക്കാട്ടി കോടതികളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് ഉന്നതോദ്യോഗസ്ഥര്‍ വിവിധ സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊടുംകുറ്റവാളികള്‍ നാട്ടിലിറങ്ങി വിഹരിച്ച് വീണ്ടും തുടര്‍ച്ചയായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് തടയാന്‍ കര്‍ശനനടപടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് പോലീസ് നടപടി.
മുക്കം മുത്തേരിയില്‍ വയോധികയെ ഓട്ടോയില്‍ കയറ്റി ആക്രമിച്ച് പീഡിപ്പിക്കുകയും മോഷണം നടത്തുകയുംചെയ്ത കേസ് അന്ന് നാടിനെയാകെ ഞെട്ടിച്ചതാണ്. അതിനുപിന്നാലെയാണ് ബൈക്കില്‍ ലിഫ്റ്റ് നല്‍കി വാളൂരില്‍ അനുവിനെ തോട്ടിലെ വെള്ളത്തില്‍ മുക്കിക്കൊന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. മുക്കത്തെ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും മുജീബ് ജാമ്യത്തിലിറങ്ങിയതാണ്. 2020 ജൂലായ് രണ്ടിനായിരുന്നു ഈ സംഭവം. ചോമ്പാലയില്‍നിന്ന് മോഷ്ടിച്ച ഓട്ടോയാണ് സ്ത്രീയെ കൊണ്ടുപോകാന്‍ ഉപയോഗിച്ചത്. അതിന് ചോമ്പാല പോലീസ് സ്റ്റേഷനിലും കേസുണ്ട്. 2019 ഡിസംബറില്‍ തലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ സ്ത്രീയുടെ ആഭരണം കവര്‍ന്ന കേസിലും പ്രതിയാണ്. കഴിഞ്ഞവര്‍ഷം ചാത്തമംഗലത്തെ ബാറ്ററിക്കട കുത്തിത്തുറന്ന് ബാറ്ററി മോഷ്ടിച്ചതിന് കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ മുജീബിന്റെ പേരില്‍ കേസുണ്ട്.
2019-ല്‍ മഞ്ചേരി പോലീസിലും താമരശ്ശേരി പോലീസിലും 2020-ലും 2021-ലും നടക്കാവ് പോലീസിലും 2021-ല്‍ ചോമ്പാല പോലീസിലും 2022-ല്‍ തേഞ്ഞിപ്പലം പോലീസിലും 2020-ല്‍ എലത്തൂര്‍ പോലീസിലും 2022-ല്‍ മയ്യില്‍ പോലീസിലും മുജീബിന്റെ പേരില്‍ കേസുകളുണ്ട്. 60-ഓളം കേസുകളുള്ള മുജീബിന് കൊണ്ടോട്ടിയില്‍മാത്രം 13 കേസുകളും മഞ്ചേരിയില്‍ ആറുകേസുകളുമുണ്ട്.
വ്യാഴാഴ്ച രാവിലെമുതല്‍ തെളിവെടുപ്പിന് പ്രതിയെ കൊണ്ടുവരുന്നതുംകാത്ത് ഒട്ടേറെപ്പേര്‍ വാളൂര്‍ നടുക്കണ്ടിപ്പാറയിലെ കൊലപാതകം നടന്ന തോടിനു സമീപം എത്തിയിരുന്നു. ഉച്ചയോടെ സ്ത്രീകളടക്കം നൂറുകണക്കിനുപേര്‍ റോഡില്‍ തടിച്ചുകൂടി. കൊലപാതത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത ദിവസംമുതല്‍ ഇവിടെ ആളുകള്‍ തടിച്ചുകൂടിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ മുജീബ് റഹ്‌മാനെ വിട്ടുനല്‍കിയതറിഞ്ഞ് രാവിലെമുതല്‍ ആളുകള്‍ ഇവിടെയെത്തി. കൊലപാതകത്തില്‍ നാടിന്റെ വികാരം അവരുടെയെല്ലാം വാക്കുകളില്‍ പ്രകടമായിരുന്നു. വ്യാഴാഴ്ച തെളിവെടുപ്പിനുമുമ്പ് സ്ഥിതിഗതികള്‍ മനസ്സിലാക്കാനെത്തിയ ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷിന്റെ മുന്നിലും രോഷപ്രകടനമുണ്ടായി. അവനെ മുഖംമൂടി നീക്കി കാണിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, തെളിവെടുപ്പ് കഴിയാതെ മുഖംമൂടി ഒഴിവാക്കാന്‍ പോലീസിന് കഴിയുമായിരുന്നില്ല.
പ്രതിയെ കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടിയും ജനപ്രതിനിധികളുമെല്ലാം ജനങ്ങളോട് ശാന്തരാകണമെന്ന് അഭ്യര്‍ഥിച്ചു. പോലീസും തെളിവെടുപ്പിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളോടു സംസാരിച്ചു. ഇതിനുശേഷം മുജീബ് റഹ്‌മാനെ സ്ഥലത്തെത്തിച്ചപ്പോഴേക്കും ജനങ്ങളുടെ രോഷം അണപൊട്ടുന്ന കാഴ്ചയായിരുന്നു.