പേരാമ്പ്ര: യുവതിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി ആഭരണം കവർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മുജീബ് റഹ്‍മാൻ മുത്തേരി ബലാത്സംഗക്കേസിലെ ഒന്നാം പ്രതി. മുത്തേരിയിലെ ഈ ബലാംത്സംഗ കേസാണ് അനുവിന്റെ കേസിൽ വഴിത്തിരിവായത്. സമാനമായ കുറ്റകൃത്യമാണ് ഒന്നര വർഷം മുൻപ് മുത്തേരിയിലും അരങ്ങേറിയത്.
2022 സെപ്റ്റംബറിലാണ് സംഭവം നടന്നത്. ജോലിക്കു പോകുകയായിരുന്ന വയോധികയെ മോഷ്ടിച്ച ഓട്ടോയിൽ കയറ്റി കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് ആഭരണം കവരുകയായിരുന്നു. ഇതിനു പുറമേ നിരവധി കേസുകളും മുജീബിന്റെ പേരിലുണ്ട്. വിവിധ ജില്ലകളിലെ ഉൾപ്രദേശങ്ങളിലൂടെ വാഹനങ്ങളിൽ കറങ്ങി പിടിച്ചുപറി, വാഹന മോഷണം എന്നിവ നടത്തുകയാണ് മുജീബിന്റെ രീതി. വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന്റെ സഹായിയുമാണ്.
കഴിഞ്ഞ ദിവസമാണ് കുറുങ്കുടി മീത്തൽ അനുവിനെ (27) കൊലപ്പെടുത്തിയ കേസിൽ കൊണ്ടോട്ടി കാവുങ്ങൽ ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്‌മാനെ (49) പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60 കേസുകൾ നിലവിലുണ്ട്. മുക്കത്തു മോഷണത്തിനിടയിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിലും പ്രതിയാണ്. കൊണ്ടോട്ടിയിലെ വീട്ടില്‍നിന്ന് സാഹസികമായാണ് പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. പിടികൂടുന്നതിനിടെ പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.എം. സുനില്‍കുമാറിനെ ജനല്‍ച്ചില്ലുകൊണ്ട് കൈയ്ക്ക് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കൊണ്ടോട്ടിയില്‍ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച കൊണ്ടോട്ടി കോളനി റോഡിലെ ചുണ്ടക്കാട് അബൂബക്കറിനെയും (52) പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. റൂറല്‍ എസ്.പി. അരവിന്ദ് സുകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷിച്ച കേസില്‍ ഒരാഴ്ചയ്ക്കിടെ പ്രതിയെ അറസ്റ്റുചെയ്യാനായി. 11-ന് രാവിലെ വാളൂര്‍ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് പി.എച്ച്.സി.യുടെ സമീപത്തെ തോട്ടില്‍വെച്ചാണ് കൊലപാതകം നടന്നത്. ആശുപത്രിയില്‍ പോകാന്‍ സ്വന്തംവീട്ടില്‍നിന്ന് കാല്‍നടയായി മുളിയങ്ങലിലേക്ക് പോകുന്ന വഴിയിലായിരുന്നു കൊലപാതകം. ഇരിങ്ങണ്ണൂരില്‍നിന്ന് ആശുപത്രിയില്‍ പോകാനായി കാറില്‍ വരുകയായിരുന്നു ഭര്‍ത്താവ് പ്രജില്‍. ഈ വാഹനത്തില്‍ കയറാനാണ് പ്രജില്‍ അനുവിനോട് പറഞ്ഞിരുന്നത്.
ഇതിനായി നടക്കുന്നതിനിടയില്‍ ഈവഴിയിലൂടെ മുജീബ് റഹ്‌മാന്‍ ബൈക്കിലെത്തിയത്. അനു ഭര്‍ത്താവിനോട് വേഗത്തിലെത്താമെന്ന് ഫോണില്‍ പറഞ്ഞത് പ്രതിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ മുളിയങ്ങലില്‍ ഇറക്കാമെന്നുപറഞ്ഞ് യുവതിയെ ബൈക്കിന്റെ പിന്നില്‍ കയറ്റി. തോടിന്റെ പാലത്തിനടുത്തെത്തിയപ്പോള്‍ മൂത്രമൊഴിക്കാനെന്നപേരില്‍ നിര്‍ത്തി. ഇരുവരും ഇറങ്ങിയ സമയത്ത് യുവതിയെ തോട്ടിലേക്ക് പിന്നില്‍നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ത്തന്നെ ബോധം പോയതുപോലെയായ അനുവിനെ വെള്ളത്തില്‍ ചവിട്ടിപ്പിടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന്, യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ എല്ലാം കൈക്കലാക്കുകയും പാലത്തിന് അടിവശത്തേക്ക് മാറ്റിയിട്ട് സ്ഥലംവിടുകയും ചെയ്തു.