പേരാമ്പ്ര: വാളൂരിൽ കുറുങ്കുടി മീത്തൽ അനുവിനെ (അംബിക-26) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവസ്ഥലം ഫൊറൻസിക് സർജൻ സന്ദർശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. സഞ്ജയാണ് വ്യാഴാഴ്ച രാവിലെ സ്ഥലത്ത് പരിശോധന നടത്തിയത്. അനുവിനെ ചൊവ്വാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയ വാളൂർ നടുക്കണ്ടി പാറയിലെ പി.എച്ച്.സി.ക്കു സമീപത്തെ അള്ളിയോറതാഴ തോടും പരിസരവുമാണ് ഡോക്ടർ സന്ദർശിച്ചത്. സ്ഥലത്തുനിന്നെടുത്ത ഫോട്ടോ ഉൾപ്പെടെ പരിശോധിച്ചു. റോഡിലെ പാലത്തിനു സമീപം തോട്ടിലാണ് അനുവിന്റെ മൊബൈൽഫോണും പേഴ്‌സുമുണ്ടായിരുന്നത്. ഇവിടെനിന്ന് അല്പദൂരം മാറിയാണ് മൃതദേഹം തോട്ടിൽ കണ്ടെത്തിയത്.
വെള്ളത്തിൽ മുങ്ങിയുള്ള മരണമാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ ലഭിച്ച സൂചന. ഇതെങ്ങനെ സംഭവിച്ചുവെന്നാണ് പോലീസ് അന്വേഷിക്കുന്നത്. തോട്ടിൽ ഒരാൾ സാധാരണഗതിയിൽ മുങ്ങിമരിക്കാനുള്ള വെള്ളം ഉണ്ടായിരുന്നില്ല. അനുവിന്റെ ശരീരത്തിലെ സ്വർണാഭരണം നഷ്ടപ്പെട്ടെന്ന ബന്ധുക്കളുടെ പരാതിയും ദുരൂഹത വർധിപ്പിക്കുന്നു. പേരാമ്പ്ര ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ മേൽനോട്ടത്തിൽ പേരാമ്പ്ര ഇൻസ്പെക്ടർ എം.എ. സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.