പേരാമ്പ്ര: തോട്ടില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. വാളൂര്‍ കുറുങ്കുടി മീത്തല്‍ അനുവിനെ (26) ആണ് ചൊവ്വാഴ്ച രാവിലെ വാളൂർ കോട്ടൂർതാഴെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനുവിനെ കാണാതായതിനുശേഷം വാളൂർ പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെപ്പറ്റിയാണു ദുരൂഹത വർധിക്കുന്നത്. പ്രാദേശിക വാട്സാപ് ഗ്രൂപ്പുകളിൽ കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചർച്ച ഇതായിരുന്നു. മൃതദേഹത്തില്‍നിന്ന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടുവെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടതോടെ മോഷണ ശ്രമത്തിനിടയില്‍നടന്ന കൊലപാതകമാണോ എന്നസംശയത്തിലാണ് അന്വേഷണം. കമ്മല്‍ മാത്രമാണ് ശരീരത്തില്‍നിന്ന് ലഭിച്ചത്. സ്വര്‍ണമാല, രണ്ട് മോതിരം, ബ്രേസ്ലെറ്റ്, പാദസരം എന്നിവയെല്ലാം നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നുപോയ അനുവിനെ കാണാതാവുകയും ചൊവ്വാഴ്ച ഉച്ചയോടെ അള്ളിയോറത്താഴ തോട്ടില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ഇരിങ്ങണ്ണൂരില്‍നിന്ന് വാഹനത്തില്‍ എത്തുന്ന ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകാനായി മുളിയങ്ങലിലേക്ക് കാല്‍നടയായാണ് വീട്ടില്‍നിന്ന് അനു പുറപ്പെട്ടത്. പിന്നീട് വിവരമൊന്നുമുണ്ടായില്ല. ഒരു ബൈക്കിന്റെ പിന്നില്‍ അനു യാത്ര ചെയ്യുന്നത് കണ്ടുവെന്ന് നാട്ടുകാരി പോലീസിന് മൊഴിനല്‍കിയിരുന്നു. മുട്ടൊപ്പം വെള്ളമുള്ള തോട്ടിൽ മുങ്ങി മരിക്കാൻ സാധ്യത കുറവാണ്. കാണാതായതിനുശേഷം തോടിനു സമീപത്തുൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. നടന്നുപോകുന്നയാള്‍ തോട്ടിലേക്ക് വീഴാനുള്ള സാധ്യതയും കുറവാണ്. മോഷണശ്രമത്തിനിടെ വീണതാണോ എന്ന സംശയമാണ് പോലീസിനുള്ളത്. തലയില്‍ പരിക്കുമുണ്ടായിരുന്നു. റോഡിന് സമീപം തോട്ടില്‍ മൊബൈല്‍ ഫോണും പേഴ്സും വീണുകിടക്കുന്നുമുണ്ടായിരുന്നു.
അനുവിന് എന്തെങ്കിലും പ്രശ്നമുള്ളതായി സ്വന്തം വീട്ടുകാർക്കോ ഭർത്താവിന്റെ വീട്ടുകാർക്കോ അറിയില്ല. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും അനുവിനില്ലെന്നാണു ബന്ധുക്കൾ പറഞ്ഞത്. പേരാമ്പ്ര ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോടു സ്ഥലം എംഎൽഎ ടി.പി.രാമകൃഷ്ണൻ ആവശ്യപ്പെട്ടു.