പേരാമ്പ്ര: പന്തിരിക്കര മദ്റസ റോഡിനു സമീപത്തെ മണ്ണാറത്ത് ജാബിറിന്റെ വീടിനുനേരെ ആക്രമണം നടത്തിയവരെ സംഭവം നടന്ന് ഒരുമാസമായിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കൈമാറിയിട്ടും പെരുവണ്ണാമൂഴി പോലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് വീട്ടുകാർ ആരോപിക്കുന്നു.വീടിന്റെ മുൻവശത്തെ വരാന്തയുടെ ചാരുപടിക്കു താഴെ സ്ഥാപിച്ച ഗ്ലാസ് അടിച്ചുതകർക്കുകയായിരുന്നു. ജാബിറിന്റെ അനുജനുമായുള്ള സാമ്പത്തിക തർക്കമാണ് അക്രമണത്തിനു പിന്നിൽ. പ്രശ്നത്തിലൊന്നും ഉൾപ്പെടാത്ത ജാബിറിന്റെ വീടാണ് ആക്രമിച്ചത്. അക്രമികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലീസ് തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചങ്ങരോത്ത് പഞ്ചായത്തിലെ തന്നെ കന്നാട്ടിയിൽ മറ്റൊരു വീടിനു നേരെയും ആക്രമണം നടന്നിരുന്നു. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാത്തതാണ് ഇത്തരം അക്രമസംഭവങ്ങൾ ആവർത്തിക്കാൻ കാരണം.