പേരാമ്പ്ര : നടുവണ്ണൂർ കാവിൽ സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് അറസ്റ്റുചെയ്ത യുവാവ് റിമാൻഡിൽ. ചാത്തമംഗലം എൻ.ഐ.ടി. കാമ്പസ് ഭാഗത്തെ കോട്ടക്കൽ മുഹമ്മദ് സാദിഖിനെ (25) ആണ് പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തത്. നടുവണ്ണൂർ കാവിൽ പറമ്പത്ത് യൂസഫിനെ (45) കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ കേസിലാണ് മുഹമ്മദ് സാദിഖ് അറസ്റ്റിലായത്. മുഹമ്മദ് സാദിഖ് നൽകിയ ക്വട്ടേഷനനുസരിച്ച് മൂന്നുപേർ ചേർന്നാണ് യൂസഫിനെ കാറിൽക്കയറ്റി കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ഫോൺ സൂക്ഷിച്ചിരുന്ന വീട്ടിലും യൂസഫിനെ എത്തിച്ച അടിവാരത്തും കാരപ്പറമ്പിലും മുഹമ്മദ് സാദിഖിനെ എത്തിച്ച് എസ്.ഐ. സുജിലേഷിന്റെ നേതൃത്വത്തിൽ പോലീസ് തെളിവെടുപ്പ് നടത്തി.
വിദേശത്തുനിന്നുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് യൂസഫ് പോലീസിന് നൽകിയ മൊഴി. 12-ന് രാത്രി 10.30-ഓടെയാണ് വീടിന് സമീപത്തുവെച്ച് കാറിൽക്കയറ്റിക്കൊണ്ടുപോയത്. 13-ന് ഉച്ചയോടെയാണ് വിട്ടയച്ചത്. എരഞ്ഞിക്കൽ ഭാഗത്ത് വാഹനത്തിൽനിന്നിറക്കിവിട്ട യൂസഫ് ഉള്ളിയേരിയിലേക്ക് ഓട്ടോ വിളിച്ച് വരുകയും പോലീസെത്തി സ്റ്റേഷനിലേക്ക് എത്തിക്കുകയുമായിരുന്നു.