നാദാപുരം : പതിനൊന്നുവയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തുകയും മൊബൈൽ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് 17.5 വർഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ചു. പേരാമ്പ്ര അയ്യപ്പൻചാലിൽ സുരേഷിനെ(53)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി എം. സുഹൈബ് ശിക്ഷിച്ചത്. 2022 ഏപ്രിൽ 29 മുതൽ 2023 ഏപ്രിൽ 29 വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് പരാതി.
മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ.എം. ഗീത രേഖപ്പെടുത്തി. മേപ്പയ്യൂർ സബ് ഇൻസ്പെക്ടർ കെ. അതുല്യ, ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ എന്നിവർ കേസന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി മനോജ് അരൂർ ഹാജരായി. ലെയ്‌സൺ ഓഫീസർ പി.എം. ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.