നാദാപുരം: 10 വയസ്സ്കാരിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ പ്രതിക്ക് തടവും തടവും പിഴയും. പൂതംപാറ സ്വദേശി കുന്നുമ്മൽ കുഞ്ഞിരാമ (64 )നാണ് 15 വർഷം തടവും 30000 രൂപ പിഴയും അടക്കാൻ നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ നൗഷാദ് അലി ശിക്ഷ വിധിച്ചത്. 2021ൽ കുട്ടിക്ക് 8 വയസ്സ് പ്രായമുള്ളപ്പോൾ വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ കടയിൽ വെച്ചും പിന്നീട് സ്കൂളിലേക്ക് പോകാൻ ജീപ്പ് കാത്തുനിൽക്കുന്ന സമയത്തും പ്രതിയുടെ കടയിൽ വെച്ച് ലൈംഗികാതിക്രമത്തിന് വിധേയമാക്കി എന്നാണ് പരാതി. വിദ്യാർഥിനി സ്കൂൾ കൗൺസിലർ മുഖേന തൊട്ടിൽപാലം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
തൊട്ടിൽപാലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിഷ്ണു എംപി, സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപ വി.പി എന്നിവർ അന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ ഹാജരാക്കുകയും ചെയ്തു. എന്നാൽ പ്രതി അപ്രകാരം ഒരുകട നടത്തിയിട്ടില്ലെന്നും വേറൊരാൾക്ക് വാടകക്ക്കൊടുത്തിരുന്നു എന്നും കാണിച്ച്പ്രതിഭാഗത്ത് നിന്ന് സാക്ഷികളെ വിസ്തരിച്ചിരുന്നു. ആ വാദം കോടതി പൂർണമായും തള്ളിക്കളഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. അസി. സബ് ഇൻസ്പെക്ടർ ഷാനി.പി.എം പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.