പേരാമ്പ്ര : അഞ്ചാം പീടികയിൽ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ മരിച്ചനിലയിൽ.ഇല്ലത്തുംമീത്തൽ കുട്ടി കൃഷ്ണന്റെ മകൾ ഗ്രീഷ്മയും (36) മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞുമാണ് മരിച്ചത്. വീടിന് തൊട്ടടുത്ത കിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പേരാമ്പ്ര അഗ്നിരക്ഷാ സേനയും ഇരുവരെയും പുറത്തെടുത്ത് മേപ്പയ്യൂർ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഗ്രീഷ്മ കുഞ്ഞിനെയും എടുത്ത് കിണറ്റിൽ ചാടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. പ്രസവശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. മൃതദേഹം മേൽ നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.