
മേപ്പയ്യൂർ: കൊല്ലം-മേപ്പയ്യൂർ റോഡ് അസിസ്റ്റൻറ് കളക്ടർ ആയുഷ് ഗോയൽ ഐ എ എസ് സന്ദർശിച്ചു. കല്ലങ്കി മുതൽ മേപ്പയ്യൂർ ടൗൺ വരെയുള്ള പ്രദേശത്തെ പ്രശ്നങ്ങൾ വിലയിരുത്തി. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജലജീവൻ മിഷൻ ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി. വിവിധ കാരണങ്ങളാൽ കേടുപാടുകൾ സംഭവിച്ച റോഡിൽ ഗതാഗതം ദു:സ്സഹമായിരുന്നു.
വെള്ളക്കെട്ടുകൾ മൂലം യാത്ര തടസ്സപ്പെട്ടിരുന്നു. വെള്ളക്കെട്ടുകൾ അപകടകരമായ അവസ്ഥയിലാണെന്ന് ഉദ്യോഗസ്ഥ സംഘത്തിന് ബോധ്യപ്പെട്ടു. ദുരന്തനിവാരണ നിയമമനുരിച്ചുള്ള നടപടികൾ സ്വീകരിക്കുന്നതിനും വെള്ളക്കെട്ടുകൾ എത്രയും പെട്ടെന്ന് ഒഴിവാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് സെക്രട്ടറി കെ.പി.അനിൽ കുമാറിന് അസിസ്റ്റൻറ് കളക്ടർ നിർദ്ദേശം നൽകി.
റോഡ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ടി.പി. രാമകൃഷ്ണൻ എംഎൽഎ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്തയച്ചതിനെ തുടർന്ന് റോഡിൽ അടിയന്തര നവീകരണ പ്രവൃത്തികൾ നടന്നു വരികയായിരുന്നു.