മേപ്പയൂർ: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ 14 ലക്ഷത്തി 58000 രൂപ ചെലവഴിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി യൂണിറ്റും എച്ച് എം സി ലബോറട്ടറിയിൽ ഹോർമോൺ അനലൈസർ മെഷീനും പ്രവർത്തന സജ്ജമാക്കി. ശുചിത്വ ഗുണനിലവാരം മാനദണ്ഡമാക്കി ദേശീയ ആരോഗ്യ ദൗത്യം ഏർപ്പെടുത്തുന്ന കായ കൽപ്പ് പുരസ്കാരവും സംസ്ഥാന സർക്കാരിന്റെ കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽസ് പുരസ്കാരവും കരസ്ഥമാക്കിയ മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം ദേശീയ ഗുണനിലവാരത്തിന്റെ ദേശീയ അംഗീകാരമായ എൻ ക്യു എ എസ് നാഷണൽ ക്വാളിറ്റി അഷൂറൻസ് സ്റ്റാൻഡേർഡ് അക്രഡിറ്റേഷൻ 2020 21 മുതൽ തുടർച്ചയായി നിലനിർത്തുന്നു. ഈ ഹെൽത്ത് വഴിയുള്ള ചികിത്സ സേവനം എല്ലാവർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലുള്ള മുഴുവൻ ജനങ്ങൾക്കും ഈ ഹെൽത്ത് യു എച്ച് ഐ ഡി കാർഡ് വിതരണം പൂർത്തിയാക്കിയ സ്ഥാപനമാണിത്.
പാലിയേറ്റീവ് ഗൃഹ പരിചരണ രംഗത്തും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ നടന്നുവരുന്നത്. മിതമായ നിരക്കിൽ ലാബ് ടെസ്റ്റുകൾ ചെയ്തുവരുന്ന ആശുപത്രി ലബോറട്ടറിയിൽ ഹോർമോൺ അനലൈസർ മെഷീൻ പ്രവർത്തന സജ്ജമാക്കുന്നതോടെ തൈറോയ്ഡ് പോലുള്ള ഹോർമോൺ ടെസ്റ്റുകൾ ജനങ്ങൾക്ക് കാല വിളംബമില്ലാതെ ആശുപത്രിയിൽ നിന്നുതന്നെ ലഭ്യമാക്കാൻ കഴിയും. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് നേടുന്ന പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ അധ്യക്ഷത വഹിച്ചു. ടി പി രാമകൃഷ്ണൻ എം എൽ എ ആശംസ സന്ദേശം നൽകി. എച്ച് ഐ കെ പങ്കജൻ റിപ്പോർട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി സുനിൽ, വി പി രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, ഡോക്ടർ മഹേഷ്, എച്ച് ഐ സി പി സതീശൻ, പി പി രാധാകൃഷ്ണൻ, പി കെ അനീഷ്, കമ്മന അബ്ദുറഹിമാൻ, കെ എം ബാലൻ, എം കെ രാമചന്ദ്രൻ, മധു പുഴയരികത്ത്, മേലാട്ട് നാരായണൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ പി അനിൽകുമാർ, ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ വിക്രം വി വി സ്വാഗതവും എച്ച് ഐ എ എം ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.