വടകര: ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ഒരു സാമൂഹ്യമാറ്റത്തിനുവേണ്ടിയും പോരാടിയ മഹാന്മാരായ നേതാക്കളായിരുന്നു മധുലിമായെയും മധുദന്തവാദെയും ശിവരാമ ഭാരതിയുമെന്ന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് അബ്രഹാം മാനുവൽ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിനുവേണ്ടിയും ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിയും ഏറ്റവും ശക്തമായി പോരാടിയ പ്രസ്ഥാനമാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനം. ഇന്ന് രാജ്യം ഗുതതരമായ പ്രതിസന്ധികളെ നേരിടുകയാണ്. ഈ പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ ഇന്ത്യയിലെ സോഷ്യലിസ്റ്റുകൾ ഒന്നിക്കുകയും പോരാടുകയും ചെയ്യണമെന്ന് അബ്രഹാം മാനുവൽ ആവശ്യപ്പെട്ടു. ലോഹ്യാ വിചാരവേദിയുടെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ എ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാസ്ക്കരൻ കൊഴുക്കല്ലൂർ, കെ. റൂസി , ഇ.കെ. ശ്രീനിവാസൻ , പി.ബാലൻ, എം.ടി. നാണു, പി.കെ.രാജൻ, എം.കെ.ബാബു എന്നിവർ പ്രസംഗിച്ചു.