മേപ്പയൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുരുമുളക് സമിതി വഴി കുരുമുളക് തൈകളും ജൈവവളവും കർഷകർക്ക് വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ വി.പി ബിജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ കുരുമുളക് കർഷകനായ ശങ്കരൻ പുതുക്കുടി മീത്തലിന് തൈകൾ കൈമാറി ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ ഡോ.ആർ.എ അപർണ പദ്ധതി വിശദീകരണം നടത്തി. പദ്ധതി പ്രകാരം വിസ്തൃതി വ്യാപനം, പുനരുദ്ധാരണം എന്നിവയിൽ 5280 പന്നിയൂർ-1 ഇനം തൈകളും 700 കിലോ സമ്പുഷ്ടീകരിച്ച ജൈവവളവും കർഷകർക്ക് ലഭിക്കും. വാർഡ് മെമ്പർ പി.പ്രകാശൻ, കൃഷി അസിസ്റ്റൻ്റ് എസ്.സുഷേണൻ, കുരുമുളക് സമിതി എക്സിക്യൂട്ടീവ് അംഗം രാഘവൻ കായമ്മംകണ്ടി എന്നിവർ ആശംസകൾ അറിയിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൃഷി അസിസ്റ്റൻ്റ് സി.എസ് സ്നേഹ നന്ദി പറഞ്ഞു.