
കണ്ണൂർ: പണമടച്ച് രജിസ്റ്റർ ചെയ്‌ത് വർഷങ്ങൾ കഴിഞ്ഞിട്ടും പങ്കാളിയെക്കിട്ടാത്ത യുവാവിന് വിവാഹബ്യൂറോ നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ ഫോറം. ഒമ്പത് വർഷം മുമ്പ് 3,000 രൂപയടച്ചാണ് യുവാവ് രജിസ്റ്റർ ചെയ്‌തത്. വർഷങ്ങൾ കഴിഞ്ഞിട്ടും പങ്കാളിയെ ലഭിച്ചില്ല. തുടർന്ന് യുവാവ് നൽകിയ പരാതിയിൽ 8,000 രൂപ നഷ്‌ടപരിഹാരം നൽകാൻ ഉപഭോക്തൃ ഫോറം ഉത്തരവിടുകയായിരുന്നു.2016ലാണ് കണ്ണൂർ സ്വദേശിയായ 40കാരൻ ടൗണിൽ പ്രവർത്തിക്കുന്ന വിവാഹബ്യൂറോയിൽ പണമടച്ച് രജിസ്റ്റർ ചെയ്‌തത്.
കാസർകോട്ട് ഒരു പെൺകുട്ടിയുണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് ബ്യൂറോയിൽ നിന്ന് അനുയോജ്യമായ മറുപടിയൊന്നും ലഭിച്ചില്ല. യുവാവിന്റെ പിതാവ് അർബുദബാധിതനായിരുന്നു. മകന്റെ വിവാഹം കാണണമെന്ന് പിതാവ് ഏറെ കൊതിച്ചിരുന്നു. എന്നാൽ, ആ ആഗ്രഹം നടക്കാതെ പിതാവ് മരിച്ചു.തുടർന്ന്, തന്റെ സമയവും മനഃസമാധാനവും കളഞ്ഞതിന് രജിസ്‌ട്രേഷൻ തുകയും കൂടാതെ 15,000 രൂപയും നൽകണമെന്നാവശ്യപ്പെട്ട് യുവാവ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചു. രജിസ്റ്റർ ചെയ്യാൻ നൽകിയ 3,000 രൂപയ്‌ക്ക് പുറമേ മാനസികസമ്മർദത്തിന് 3,000 രൂപയും വ്യവഹാരച്ചെലവായി 2,000 രൂപയും നൽകാൻ ജില്ലാ ഉപഭോക്തൃ ഫോറം ഉത്തരവിട്ടു.