പേരാമ്പ്ര: സാമൂഹികമാധ്യമത്തിലെ പോസ്റ്റിനുതാഴെ വിദ്വേഷ അഭിപ്രായം രേഖപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തയാളെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ചേനായി കുഞ്ഞാറമ്പത്ത് മീത്തൽ ചന്ദ്രനെയാണ് (55) പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം. മുഖം മറച്ചെത്തിയ രണ്ടുപേർ വീട്ടിനുള്ളിൽ അതിക്രമിച്ചുകടന്ന് വാളും ഇരുമ്പുവടിയുമുപയോഗിച്ച് ആക്രമിച്ചെന്നാണ് പരാതി.
രണ്ടുകൈകൾക്കാണ് പരിക്കേറ്റത്. തെങ്ങുകയറ്റത്തൊഴിലാളിയായ ചന്ദ്രൻ പ്രാണരക്ഷാർഥം കത്തി വീശിയതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തിൽ എടവാരാട് സ്വദേശിയിട്ട പോസ്റ്റിന് താഴെ വിദ്വേഷമുണ്ടാക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയെന്ന മുസ്ലിം യൂത്ത് ലീഗ് ശാഖ കമ്മിറ്റിയുടെ പരാതിയിൽ കഴിഞ്ഞദിവസം ചന്ദ്രന്റെപേരിൽ പേരാമ്പ്ര പോലീസ് കേസെടുത്തിരുന്നു.