നടുവണ്ണൂർ: നഗരത്തിലെ ലോഡ്ജ് മുറിയിൽ വെടിവെച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരണപ്പെട്ടു.കാവുന്തറ പള്ളിയത്ത്കുനി സ്വദേശി കളരി പറമ്പത്ത് ഷംസുദ്ദീനാണ് (38) മരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ വെടിവെച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇയാളെ ഗുരുതര പരിക്കുകളോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ മാവൂർ റോഡിലാണ് കാണിച്ചത്.
നടക്കാവ് പൊലീസും ബന്ധുക്കളും ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. ടവർ ലൊക്കേഷനിൽ കൂടുതൽ വ്യക്തത വരുത്തിയ പൊലീസ് യുവാവ് മുറിയെടുത്ത ലോഡ്ജിലെത്തി മുട്ടിവിളിച്ചു. വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് തലക്ക് വെടിയേറ്റ നിലയിൽ കാണുന്നത്. ഉടൻ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന യുവാവ് വെള്ളിയാഴ്ച 12 മണിയോടെയാണ് മരിച്ചത്. ഭാര്യ സൈനബ. രണ്ട് മക്കളുണ്ട്.