പേരാമ്പ്ര : വീടിന്റെ മേൽക്കൂരയിൽ ഉപയോഗിച്ച പുതിയ ഓടിന് ചോർച്ചയുണ്ടായെന്ന പരാതിയിൽ നഷ്ടപരിഹാരം നൽകാൻ കോഴിക്കോട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്റെ വിധി. ഫറോക്കിലെ കോമൺവെൽത്ത് ഓട് കമ്പനിക്കെതിരേ കൂത്താളിയിലെ വൃന്ദാവനത്തിൽ എ. ഹരിമോഹൻ നൽകിയ കേസിലാണ് വിധിയുണ്ടായത്. ഓട് വിലയും കൂലിച്ചെലവും കോടതിച്ചെലവും നഷ്ടപരിഹാരവും ഒരു മാസത്തിനകം നൽകണമെന്ന് വിധിയിൽ നിർദേശിച്ചു. 2013-ൽ 1360 എണ്ണം ഒന്നാംനമ്പർ ഓട് 44,114 രൂപ നൽകിയാണ് ഹരിമോഹൻ വാങ്ങിയത്. അധികം വൈകാതെ ഓടിന് ചോർച്ചയുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. കമ്പനിയെ പരാതി അറിയിച്ചിരുന്നെങ്കിലും പ്രശ്‌നം പരിഹരിച്ചുനൽകാനുള്ള നടപടിയുണ്ടായിരുന്നില്ല. ഇതെത്തുടർന്ന് ആദ്യം ഹൈക്കോടതിയെ സമീപിച്ചപ്പോൾ ബന്ധപ്പെട്ടഫോറത്തിൽ പരാതി നൽകാനാണ് ഉത്തരവുണ്ടായത്.
തുടർന്നാണ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. കോഴിക്കോട് ഗവ. എൻജിനിയറിങ് കോളേജിലെ ഡോ. സി. രഘുകുമാറിനെ വിഷയത്തിൽ എക്സ്‌പേർട്ട് കമ്മിഷനായും ഉപഭോക്തൃഫോറം നിയോഗിച്ചിരുന്നു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഉത്തരവുണ്ടായത്.