തിരുവനന്തപുരം: സെറിബ്രല്‍ ഹെമറേജ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരുന്ന കയര്‍ ബോര്‍ഡ് ജീവനക്കാരി മരിച്ചു. സെക്ഷന്‍ ഓഫീസറായി ജോലിചെയ്തിരുന്ന ജോളി മധുവാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 30 വര്‍ഷമായി ജോളി കയര്‍ ബോര്‍ഡ് ജീവനക്കാരിയാണ്.
തൊഴിലിടത്തുനിന്നും നിരന്തരമായി നേരിടേണ്ടിവന്ന മാനസിക പീഡനത്തെ തുടര്‍ന്നാണ് ജോളി അസുഖബാധിതയായതെന്ന് കുടുംബം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 5 മാസമായി ശമ്പളം നല്‍കിയില്ലെന്നും ജോളിക്കെതിരെ വിജിലന്‍സില്‍ രണ്ട് കള്ളക്കേസ് ചുമത്തപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ ലീവ് നിരസിച്ചെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങളുയര്‍ത്തി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.
ജോളിക്ക് മാത്രമല്ല കൂടെ ജോലി ചെയ്യുന്നവരും സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നും അവരില്‍ നിന്നാണ് തൊഴിലിടത്തെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞതെന്നും ജോളിയുടെ സഹോദരന്‍ ലാലിച്ചന്‍ പറഞ്ഞു.കയര്‍ ബോര്‍ഡ് മുന്‍ സെക്രട്ടറി, മുന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. ഇരുവരും ഒപ്പിട്ട് നല്‍കാനായി ജോളിയെ ഏല്‍പിച്ച ഫയലുകളില്‍ പലതിലും ജോളി ഒപ്പിടാന്‍ തയ്യാറായിരുന്നില്ല. അതുകാരണം ജോളിയെ മാനസികമായി ഉപദ്രവിക്കുകയായിരുന്നെന്ന് കുടുംബം പറഞ്ഞു