പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ യുവാവിനെ കാറിൽക്കയറ്റി കൊണ്ടുപോയി മർദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിച്ച ക്വാട്ടേഷൻ സംഘത്തിലെ രണ്ടുപേരെ ആലപ്പുഴയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശികളായ സയ്യിദ് മുഹമ്മദ് കഹാർ, നിയാസ് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം രണ്ടുപേർകൂടി കാറിലുണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരുകയാണ്. ഇൻസ്പെക്ടർ ബിനു തോമസിന്റെ നിർദേശപ്രകാരം എസ്.ഐ. എം. സുജിലേഷ്, എസ്.സി.പി.ഒ. സി.എം. സുനിൽകുമാർ, സി.പി.ഒ.മാരായ ജോജോ ജോസഫ് കെ. ബൈജു. സക്കീർ, ജയ്‌കിഷോർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 23-ന് വൈകീട്ടാണ് നാലംഗസംഘം യുവാവിനെ മർദിച്ച് അവശനാക്കി പയ്യോളിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. പേരാമ്പ്ര പൈതോത്ത് വളയംകണ്ടത്ത് ജിനീഷാണ് അക്രമത്തിനിരയായത്.