
ആലപ്പുഴ: അതിവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്ക്കുമുന്നിൽ ചായകുടിച്ചുനിന്ന യുവാവ് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാർഡ് തകിടിവെളിയിൽ സുനിൽകുമാറിന്റെ മകൻ എസ്. സുധീഷാ(35)ണു മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.15-ന് ആലപ്പുഴ പഴവീട് മെഡിക്കൽ സെന്ററിന് എതിർവശത്തായിരുന്നു സംഭവം. കാർ ആദ്യം മറ്റു വാഹനങ്ങളിലിടിച്ചശേഷം സുധീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
നിർമാണത്തൊഴിലാളിയായ സുധീഷ്, ഭാര്യ സുജിമോൾ(സുജ)ക്കൊപ്പം തിരുവല്ലയിലെ ബന്ധുവീട്ടിൽപ്പോയി ബൈക്കിൽ മുഹമ്മയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. പഴവീട് എത്തിയപ്പോൾ ചായകുടിക്കാൻ നിർത്തി. ചായവാങ്ങിയ ഭാര്യ, സുധീഷിനു കൊടുത്തശേഷം കടയുടെ ഭാഗത്തേക്കു മാറിനിന്നു. ബൈക്കിൽ ചാരിനിന്നു ചായകുടിക്കുന്നതിനിടെയാണ് കുതിച്ചെത്തിയ കാർ സുധീഷിനെ ഇടിച്ചുതെറിപ്പിച്ചത്. നാട്ടുകാർ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.