
വിശാഖപട്ടണം: ഇതരമതക്കാരനെ വിവാഹംചെയ്ത യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ സ്വദേശിനിയായ യാസ്മിന്‍ ബാനു(26)വിനെയാണ് സ്വന്തം വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ദുരഭിമാനക്കൊലയാണെന്നാണ് പോലീസിന്റെ സംശയം.
ഫെബ്രുവരിയിലാണ് യാസ്മിന്‍ ബാനുവും കാമുകനായ സായ് തേജയും വിവാഹിതരായത്. കോളേജ് പഠനകാലത്താണ് ഇരുവരും അടുപ്പത്തിലായത്. എംബിഎ പൂര്‍ത്തിയാക്കിയ യാസ്മിനും ബിടെക്ക് കഴിഞ്ഞ സായ് തേജയും പഠനശേഷവും ബന്ധം തുടര്‍ന്നു. നാലുവര്‍ഷം നീണ്ട പ്രണയത്തിന് ശേഷം യാസ്മിന്റെ കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു ഇവരുടെ വിവാഹം.
യാസ്മിന്റെ കുടുംബത്തില്‍നിന്ന് എതിര്‍പ്പുണ്ടായിരുന്നതിനാല്‍ ഇരുവരും നേരത്തേ പോലീസ് സംരക്ഷണം തേടിയിരുന്നു. തുടര്‍ന്ന് പോലീസ് യാസ്മിന്റെ മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ മനസിലാക്കുകയും യാസ്മിനെ സായ് തേജയ്‌ക്കൊപ്പം വിട്ടയക്കുകയുംചെയ്തിരുന്നു.
ഭര്‍തൃവീട്ടിലായിരുന്ന യാസ്മിനെ പിതാവിന് സുഖമില്ലെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയതെന്ന് ഭര്‍ത്താവ് സായ് തേജ പറഞ്ഞു. രണ്ടുമാസം മുമ്പ് വിവാഹംകഴിഞ്ഞത് മുതല്‍ മൂത്തസഹോദരന്‍ യാസ്മിനെ സ്ഥിരമായി ഫോണില്‍ വിളിച്ചിരുന്നു. മൂന്നുദിവസം മുമ്പാണ് പിതാവിന്റെ ആരോഗ്യനില മോശമാണെന്നും വീട്ടില്‍വരണമെന്നും കുടുംബം ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് യാസ്മിനെ വീട്ടിലേക്ക് വിടാന്‍ തയ്യാറായി. എന്നാല്‍, പിന്നീട് യാസ്മിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയില്ല. യാസ്മിന്‍ ആശുപത്രിയിലാണെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് യാസ്മിന്‍ മരിച്ചവിവരം അറിയിച്ചതെന്നും ഭര്‍ത്താവ് പറഞ്ഞു.യാസ്മിന്‍ ജീവനൊടുക്കിയതാണെന്നാണ് ബന്ധുക്കളുടെ അവകാശവാദം. എന്നാല്‍, സംഭവം കൊലപാതകമാണെന്നും ഭാര്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയായി ചിത്രീകരിക്കുകയാണെന്നും ഭര്‍ത്താവ് ആരോപിച്ചു.