
ലക്നൗ: വിവാഹവാഗ്ദാനം നൽകിയ ശേഷം കാമുകൻ വഞ്ചിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മൊബൈൽ ടവറിൽ കയറി യുവതി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. കാമുകൻ തന്നെ വിവാഹം ചെയ്യാമെന്നു സമ്മതിച്ചാൽ മാത്രമേ ഇറങ്ങി വരൂ എന്നു വ്യക്തമാക്കി യുവതി ടവറിനു മുകളിൽ നിലയുറപ്പിക്കുകയായിരുന്നു. ഇവരുടെ പേരും വിശദാംശങ്ങളും ലഭ്യമല്ല.
ഭിട്ടൗലി പോലീസ് സ്റ്റേഷന്റെ പരിധിയിൽ സെംറ രാജ ടോൾ പ്ലാസയ്ക്കു സമീപമായിരുന്നു സംഭവം. വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാ സേനയും ഉടൻ തന്നെ സ്ഥലത്തെത്തി. ഇവരാണ് പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെയിറക്കിയത്. പെൺകുട്ടിയുടെ കാമുകൻ ഒളിവിലാണ്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാമുകനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.