
വടകര: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. കോഴിക്കോട് മാവൂർ കണ്ണി പറമ്പ് സ്വദേശി പഴയം കുന്നത്ത് ആദർശ് ബാബുവിനെ(40)യാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി ജി ബിജു ശിക്ഷിച്ചത്. അഞ്ചു വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
പിഴ അടച്ചില്ലെങ്കിൽ നാലു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2020 ഫെബ്രവരി 3നാണ് കേസിനാസ്പദമായ സംഭവം. മാവൂർ ഗ്വാളിയോർ റയോൺസിന് സമീപം വെച്ച് കെ എൽ 11 ബി എച്ച് -6503 യമഹ ബൈക്കിൽ കടത്തുകയായിരുന്ന 12 കിലോ 430 ഗ്രാം കഞ്ചാവുമായി മാവൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ .പ്ലീഡർ ഇ വി ലിജീഷ് ഹാജരായി.