മുംബൈ: രണ്ട് വർഷം മുമ്പ് മുംബൈ കുർളയിലെ വീട്ടിൽ വെച്ച് രണ്ട് സ്ത്രീകളുൾപ്പെടെ അമ്മയുടെ മൂന്ന് സുഹൃത്തുക്കൾ പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസിൽ പരാതി. 2021 -ൽ നാല് തവണ പീഡിപ്പിച്ചതായാണ് പരാതി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പെൺകുട്ടിയുടെ അമ്മ ജോലിക്കുപോയ രാത്രികളിലാണ് പീഡനം നടന്നത്. അമ്മയുടെ മൂന്ന് സുഹൃത്തുക്കൾ മുംബൈയിലെ വീട്ടിൽ ഏതാനും ദിവസം താമസിച്ചിരുന്നു. സ്ത്രീകൾ മദ്യം കലർത്തിയ പാനീയം നൽകി മകളെ ലൈംഗികമായി പീഡിപ്പിക്കുകയും പുരുഷ സുഹൃത്തിനെ പീഡിപ്പിക്കാൻ അനുവദിക്കുകയും ചെയ്തതതായുമാണ് ആരോപണം.
പീഡനത്തിനിരയായ പെൺകുട്ടിക്ക് മാനസിക പ്രശ്നത്തെത്തുടർന്ന് കേരളത്തിൽ നടത്തിയ കൗൺസലിങ് ചികിത്സയ്ക്കിടെയാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.തുടർന്ന് കൗൺസിലർ ഇക്കാര്യം ചൈൽഡ് ലൈനിനെ അറിയിക്കുകയും കേരള പോലീസിൽ പരാതി നൽകുകയുമായിരുന്നു.കേരള പോലീസ് കേസ് പിന്നീട് മുംബൈ പോലിസിന് കൈമാറുകയായിരുന്നു.മുംബൈ കുർളയിൽ കുറ്റകൃത്യം നടന്നതിനാലാണ് മുംബൈ പോലീസിന് കൈമാറിയത്.പരാതിപ്പെട്ടാൽ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മദ്യപിക്കുന്നതിന്റെയും നഗ്നത കാണിക്കുന്നതിന്റെയും വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. മകളുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടതൊടെ മകളെ അമ്മ കേരളത്തിലെ കുടുംബ വീട്ടിൽ കൊണ്ടുപോയി. കൗൺസലിങ്ങിന് വിധേയമാക്കിയപ്പോൾ കടുത്ത മാനസിക സംഘർഷമുള്ളതായി കണ്ടെത്തി. തുടർന്ന് മനശ്ശാസ്ത്രജ്ഞനെ സമീപിക്കുകയായിരുന്നു.