BREAKING NEWS
dateTHU 21 NOV, 2024, 3:10 PM IST
dateTHU 21 NOV, 2024, 3:10 PM IST
back
Homeregional
regional
Aswani Neenu
Fri Jul 26, 2024 04:03 PM IST
പാഴ്‌സൽ വാങ്ങിയ ഊണിൽ അച്ചാറില്ല; പരാതിക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
NewsImage

വില്ലുപുരം (തമിഴ്‌നാട്): ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങുമ്പോൾ അതിൽ എല്ലാ വിഭവങ്ങളും ഉണ്ടോ എന്ന് പലരും പരിശോധിക്കാറില്ല. എന്നാൽ പാഴ്‌സലായി വാങ്ങിയ ഊണിന്റെ പൊതിയിൽ അച്ചാർ വെക്കാത്തതിന് ഹോട്ടലുടമ ഉപഭോക്താവിന് നല്‍കേണ്ടിവന്നത് 35,000 രൂപ. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ വാലുദറെഡ്ഡിയിലെ ആരോഗ്യസ്വാമി എന്ന ഉപഭോക്താവിന്റെ പരാതിയിലാണ് നടപടി.

2022 നവംബർ 28 നാണ് സംഭവം നടന്നത്. ബന്ധുവിന്റെ ചരമവാർഷിക ദിനത്തിൽ വയോജന മന്ദിരത്തിലേക്ക് നൽകാനാണ് ഊൺ പൊതികൾ പാഴ്‌സലായി വാങ്ങാൻ തീരുമാനിച്ചത്. വില്ലുപുരത്തെ ബാലമുരുകൻ റെസ്റ്റോറന്റിലെത്തി ഊണിന്റെ വിലയും മറ്റും ചോദിച്ചറിഞ്ഞു. ഊണിന് 70 രൂപയും പാഴ്‌സലിന് 80 രൂപയുമാണെന്ന് ഹോട്ടലുടമ അറിയിച്ചു.11 ഇനം വിഭവങ്ങള്‍ പാഴ്സലിലുണ്ടാകുമെന്നും ഇവര്‍ അറിയിച്ചു. ഇതുപ്രകാരം 25 ഊൺ പൊതികൾ ഓർഡർ ചെയ്തു. 80 രൂപ നിരക്കിൽ 25 ഭക്ഷണപ്പൊതികൾക്ക് 2000 രൂപ അഡ്വാൻസും നൽകി.

അടുത്ത ദിവസം റസ്റ്റോറന്റിൽ നിന്ന് പാഴ്‌സൽ വാങ്ങി. ഇതിന്റെ ബില്ല് ആവശ്യപ്പെട്ടെങ്കിലും റസ്റ്റോറന്റ് ഉടമ കടലാസിൽ എഴുതി നൽകിയ കുറിപ്പാണ് ആരോഗ്യസ്വാമിക്ക് നൽകിയത്. വയോജനമന്ദിരത്തിലെത്തി പാഴ്‌സൽ വിതരണം ചെയ്തപ്പോഴാണ് അച്ചാറില്ലെന്ന് ആരോഗ്യസ്വാമി കണ്ടെത്തിയത്. ഉടൻ തന്നെ ഇദ്ദേഹം ഹോട്ടലിലെത്തി കാര്യം അന്വേഷിച്ചു. പാഴ്‌സൽ പൊതിയിൽ നിന്ന് അച്ചാർ ഒഴിവാക്കിയെന്നായിരുന്നു ഹോട്ടലുടമയുടെ വിശദീകരണം. എന്നാൽ ഒരു രൂപവിലയുള്ള അച്ചാർ പാക്കറ്റുകൾ വെച്ചില്ലെന്നും ഇതുപ്രകാരം 25 രൂപ തനിക്ക് തിരിച്ചു തരണമെന്നും ആരോഗ്യ സ്വാമി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ഹോട്ടലുടമ തയ്യാറായില്ല. ഇതുസംബന്ധിച്ച് ഹോട്ടലുടമയും ആരോഗ്യസ്വാമിയും തമ്മിൽ വാക്കുതർക്കം നടന്നു. പിന്നാലെയാണ് ആരോഗ്യസ്വാമി വില്ലുപുരം ജില്ലാ ഉപഭോക്തൃ പരാതി സമിതിക്ക് പരാതി നൽകിയത്.

ഊൺപൊതിയിൽ അച്ചാർ നൽകാത്തത് ഹോട്ടലിന്റെ സേവനത്തിലെ പോരായ്മയാണെന്ന് കേസ് പരിഗണിച്ച ചെയർമാൻ സതീഷ് കുമാർ, അംഗങ്ങളായ മീരാമൊയ്തീൻ, അമല തുടങ്ങിയവർ നിരീക്ഷിച്ചു. ഇതിന്റെ നഷ്ടപരിഹാരമായി 30,000 രൂപയും വ്യവഹാരച്ചെലവിന് 5,000 രൂപയും അച്ചാറിന് 25 രൂപയും നഷ്ടപരിഹാരം നൽകാനും വാങ്ങിയതിന്റെ യഥാർത്ഥ രസീത് നൽകാനും അവർ ഹോട്ടല്‍ ഉടമയോട് ഉത്തരവിട്ടു. നഷ്ടപരിഹാരം നൽകാൻ ഹോട്ടലുടമക്ക് 45 ദിവസത്തെ സമയം അനുവദിച്ചു. ഈ ദിവസത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ പ്രതിമാസം 9ശതമാനം പലിശ നിരക്കിൽ അധിക പിഴ ഈടാക്കുമെന്നും ജില്ലാ ഉപഭോക്തൃ പരാതി സമിതി മുന്നറിയിപ്പ് നൽകി. ഇരുപക്ഷത്തു നിന്നുമുള്ള വാദങ്ങൾ കേട്ടതിന് പിന്നാലെയാണ് സമിതി ആരോഗ്യസ്വാമിക്ക് അനുകൂലമായി വിധിച്ചത്.  

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE