കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിനെതിരെ പന്തീരാങ്കാവ് പോലീസ് കേസ് എടുത്തു. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്. വീണ്ടും ഭര്‍ത്താവിന്റെ മര്‍ദനമേറ്റതായി കാണിച്ച് യുവതി നല്കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി ഒന്നരമാസത്തിനിടെയാണ് പുതിയ കേസ്.
മീന്‍ കറിക്ക് പുളി കുറഞ്ഞെന്ന കാരണത്താലായിരുന്നു മര്‍ദനമെന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പരിക്കേറ്റ യുവതിയെ ഭര്‍ത്താവ് രാഹുലും അമ്മയും ചേര്‍ന്ന് ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തിയപ്പോള്‍ തനിക്ക് പരാതിയില്ലെന്നായിരുന്നു യുവതിയുടെ മറുപടി. ഇന്ന് രാവിലെ രക്ഷിതാക്കള്‍ക്ക് ഒപ്പമെത്തിയാണ് യുവതി പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയത്.