കോഴിക്കോട് : ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളുകളായി മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയില്‍ വിശ്രമജീവിതം വരവേ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു.
പരപ്പനങ്ങാടി മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എം.ജി.എസ്. ജനിച്ചത്. പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പന്‍) കോളേജിലും ഫാറൂഖ് കോളേജിലും തൃശൂര്‍ കേരളവര്‍മ കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. ഒന്നാം റാങ്കോടെ ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ യുജിസി ഫെലോഷിപ്പില്‍ യൂണിവേഴ്സിറ്റിയില്‍ ചരിത്രഗവേഷണം ആരംഭിച്ചു.
പഴയലിപികളും ഭാഷകളിലും എം.ജി.എസ് പ്രാവീണ്യം നേടുന്നത് പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ സഹായത്തിലാണ്. പുരാലേഖ്യങ്ങളും തമിഴ്-സംസ്‌കൃത ഗ്രന്ഥങ്ങളും പുരാവസ്തു പഠനങ്ങളും ആധാരമാക്കി എ.ഡി ഒമ്പതു മുതല്‍ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളില്‍ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ അധികരിച്ച് തയ്യാറാക്കിയ Perumals of Kerala എന്ന ഗവേഷണപ്രബന്ധത്തിന് പിഎച്ഡി ലഭിച്ചു. നീണ്ട പന്ത്രണ്ടുവര്‍ഷക്കാലം കൊണ്ട് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം പുസ്തകരൂപത്തില്‍ അച്ചടിക്കുന്നത് പിന്നെയും ഇരുപത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.
ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം കേരള സര്‍വകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തില്‍ ചരിത്രവിഭാഗം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച എംജിഎസ് പിന്നീട് പഠനകേന്ദ്രം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായപ്പോള്‍ ചരിത്രവിഭാഗം അധ്യക്ഷനായി. പ്രൊഫസര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഫാക്കല്‍റ്റി ഡീന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1976 മുതല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു വിവിധ ചുമതലകള്‍ വഹിച്ചു. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് അനവധി ചരിത്രപ്രാധാന്യമുള്ള പ്രൊജക്ടുകള്‍ക്ക് നേതൃത്വം വഹിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളില്‍ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു.
കേരളചരിത്രം, തമിഴകചരിത്രം, പ്രാചീനഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എംജിഎസ് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്. പതിറ്റാണ്ടുകളുടെ അധ്യാപനപരിചയത്തില്‍ ആയിരത്തിലധികം ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു.
ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, കോഴിക്കോട് ചരിത്രത്തില്‍ ചില ഏടുകള്‍, കോഴിക്കോടിന്റെ കഥ, കള്‍ച്ചറല്‍ സിംബോസിസ് ഇന്‍ കേരള, ആസ്പെക്ട്സ് ഓഫ് ആര്യനൈസേഷന്‍ ഇന്‍ കേരള, മലബാര്‍, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍, സെക്കുലര്‍ജാതിയും സെക്കുലര്‍മതവും, സാഹിത്യാപരാധങ്ങള്‍, ജാലകങ്ങള്‍; ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്ചകള്‍ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാനകൃതികള്‍. സ്വാതന്ത്ര്യസമരകാലഘട്ടം മുതല്‍ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയവും സാംസ്‌കാരികവുമായ സാമൂഹിക ജീവിതം രേഖപ്പെടുത്തിയ 'ജാലകങ്ങള്‍'ക്ക് 2019-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.ഭാര്യ: പ്രേമലത.മക്കൾ:എൻ.വിജയകുമാർ (സ്ക്വാഡ്രൻ ലീഡർ, ഇന്ത്യൻ എയർ ഫോഴ്സ്), എൻ. വിനയ (ഡാൻസർ, ബെംഗളുരു). മരുമക്കൾ: ദുർഗ വിജയകുമാർ (യു.എസ്.എ), മനോജ് (സോഫ്റ്റ്വെയർ എൻജിനീയർ ബെംഗളുരു), സഹോദരങ്ങൾ: പരേതരായ ദേവയാനി ഗോപിനാഥ്, ജയമണി പണിക്കർ.