കരിവെള്ളൂർ: വിവാഹവീട്ടിൽനിന്ന് കവർന്ന 30 പവനോളം ആഭരണങ്ങൾ വീടിനരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പലിയേരിയിലെ ചൂരക്കാട്ട് മനോഹരന്റെ മകൻ അർജുനന്റെ ഭാര്യ ആർച്ചയുടെ ആഭരണങ്ങളാണ് വീടിനോട് ചേർന്ന് തെക്കുഭാഗത്ത് ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.
മേയ് ഒന്നിനായിരുന്നു ഇവരുടെ വിവാഹം. വിവാഹദിവസം അലമാരയിൽവച്ച ആഭരണങ്ങൾ ബന്ധുക്കളെ കാണിക്കാനായി രണ്ടാം തീയതി തുറന്നു നോക്കിയപ്പോഴാണ് കവർച്ച നടന്ന വിവരം വീട്ടുകാർ അറിയുന്നത്. മേയ് ഒന്നിനു തന്നെ കവർച്ച നടന്നിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
അന്വേഷണത്തിനായാണ് സബ് ഇൻസ്പെക്ടർമാരായ കെ.മനോജ് കുമാർ, പി.യദുകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ 11-ഓടെ മനോഹരന്റെ വീട്ടിലെത്തിയത്. വീടിനു ചുറ്റും നടക്കുമ്പോഴാണ് തുണിസഞ്ചിയിൽ ആഭരണങ്ങൾ ഉപേക്ഷിച്ചതായി കണ്ടത്. ഒൻപത് വള, നാല് മാല, ബ്രേസ്‌ലറ്റ്, മോതിരം ഇവയാണ് സഞ്ചിയിലുണ്ടായിരുന്നത്. നഷ്ടപ്പെട്ട ആഭരണങ്ങൾ മുഴുവൻ തിരികെ ലഭിച്ചിട്ടുണ്ട്. ആഭരണങ്ങൾ നഷ്ടപ്പെട്ട ദിവസത്തെ വിരലടയാള പരിശോധനയിൽ നിന്ന് ആറുപേരുടെ വിരലടയാളങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു. കണ്ടെടുത്ത ആഭരണങ്ങൾ പയ്യന്നൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. നഷ്ടപ്പെട്ടവ തിരിച്ചുകിട്ടിയത് കൊണ്ട് കേസ് അവസാനിപ്പിക്കില്ലെന്നും കുറ്റവാളികളെ ഉടൻ പിടികൂടാൻ കഴിയുമെന്നും പോലീസ് പറഞ്ഞു.