പാലക്കാട്: തിരഞ്ഞെടുപ്പിന് തലേദിവസം സുന്നി കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ്, സമസ്ത മുഖപത്രമായ സുപ്രഭാതം എന്നിവയിൽ എൽ.ഡി.എഫ് പരസ്യം നൽകിയത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ. മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ അനുമതി വാങ്ങാതെയാണ് പരസ്യം നൽകിയത്.
ജില്ലാ കളക്ടർ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് കാലത്ത് ഈ രീതിയിൽ മാധ്യമങ്ങൾക്ക് നൽകുന്ന പരസ്യത്തിന് അനുമതി നൽകേണ്ടത്. എന്നാൽ, എൽ.ഡി.എഫ് നൽകിയ പരസ്യത്തിന് അനുമതി ഇല്ലെന്നാണ് വിവരം. സരിൻ തരംഗം എന്ന വലിയ തലക്കെട്ടിലാണ് പരസ്യം. എന്നാൽ, സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പത്രപ്പരസ്യത്തിലുണ്ടായിരുന്നത്. കശ്മീർ വിഷയത്തിൽ സന്ദീപിന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റും ആർ.എസ്.എസ് വേഷം ധരിച്ച് നിൽക്കുന്ന ചിത്രവുമൊക്കെ പരസ്യത്തിലുണ്ട്.കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സി.എ.എ കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകൾ, ഗാന്ധിവധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള സന്ദീപ് വാര്യരുടെ പരാമർശങ്ങളാണ് പരസ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.