BREAKING NEWS
dateMON 10 MAR, 2025, 8:39 PM IST
dateMON 10 MAR, 2025, 8:39 PM IST
back
HomeRegional
Regional
Aswani Neenu
Mon Mar 10, 2025 03:59 PM IST
ആശാവർക്കർമാരുടെ സമരം ലോക്സഭയിൽ ഉന്നയിച്ച് കോണ്‍ഗ്രസ് എം.പിമാര്‍
NewsImage

ന്യൂഡൽഹി: സെക്രട്ടേറിയറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം ലോക്സഭയിൽ ഉന്നയിച്ചു കേരളത്തിൽ നിന്നുള്ള എംപിമാർ. ലോക്‌സഭയുടെ ശൂന്യവേളയിലാണു കോൺഗ്രസ് എംപിമാരായ കെ.സി.വേണുഗോപാൽ, ശശി തരൂർ, വി.കെ.ശ്രീകണ്ഠൻ എന്നിവർ വിഷയം ഉന്നയിച്ചത്. ആശാവർക്കർമാർക്ക് 233 രൂപയാണു ദിവസവേതനമെന്നും അത് തന്നെ കേരളത്തിൽ കൃത്യമായി സർക്കാർ നൽകുന്നില്ലെന്നും കെ.സി.വേണുഗോപാൽ ഉന്നയിച്ചു. 

‘‘വിഷയത്തിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തുകയാണ്. ആരാണ് ഇതിന് ഉത്തരവാദികൾ. ആശാവർക്കർമാരുടെ മാസവേതനം 21,000 രൂപയായി നിജപ്പെടുത്തണം. അവർക്ക് വിരമിക്കൽ ആനുകൂല്യം നൽകണം. 30 ദിവസത്തിലേറെയായി സമരം നടത്തുകയാണ് അവർ. എല്ലാ ആശാവർക്കർമാരും അവിടെ സമരം ചെയ്യുകയാണ്. അവർ സമൂഹത്തിന്റെ ആരോഗ്യ പോരാളികളാണ്. 2005ൽ യുപിഎ സർക്കാരാണ് ആശാവർക്കർ എന്ന ആശയം നടപ്പാക്കുന്നത്. തെലങ്കാന, കർണാടക, സിക്കിം സർക്കാരുകൾ വേതനം കൂട്ടിനൽകി. റിട്ടയർ ചെയ്താൽ കയ്യിൽ ഒന്നുമില്ലാതെ അവർ തിരികെ പോകേണ്ട അവസ്ഥയാണ്. കേന്ദ്ര ആരോഗ്യമന്ത്രിയിൽനിന്നു ഇതിനു ഉത്തരം ലഭിക്കണം’’ – കെ.സി.വേണുഗോപാൽ പറഞ്ഞു. പിന്നാലെ ആശാവർക്കർമാരുടെ സമരത്തെ കുറിച്ച് വി.കെ.ശ്രീകണ്ഠൻ എംപി മലയാളത്തിൽ സംസാരിച്ചു.

ആശാവർക്കർമാരുടെ സമരം ശശി തരൂർ എംപിയും ലോക്‌സഭയിൽ ഉന്നിച്ചു. ‘‘ഇന്ത്യൻ ആരോഗ്യരംഗത്തെ ഹീറോകളാണ് ആശമാർ. അവരുടെ പങ്കാളിത്തം വിസ്മരിക്കാൻ പാടില്ല. പ്രത്യേകിച്ച് കോവിഡ് കാലത്തെ അവരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ തുച്ഛമായ വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ. കേരളത്തിൽ 7,000 രൂപയാണ് മാസവേതനം ലഭിക്കുന്നത്. സർക്കാർ അത് കൃത്യമായി നൽകുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് അവർ സമരം നടത്തുന്നത്. സ്ത്രീകളായതു കൊണ്ടാണോ അവരുടെ സമരം ആരും കാണാതെ പോകുന്നത്’’ – ശശി തരൂ‍ർ എംപി ചോദിച്ചു.

രാജ്യത്തെ ആശാവർക്കർമാരുടെ സമരത്തിന്റെ വിഷയം മുൻ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ രാജ്യസഭയിൽ ഉന്നയിച്ചു. തൊഴിലിന്റെ പ്രാധാന്യം അനുസരിച്ചുള്ള വേതനം ആശമാർക്കു കിട്ടുന്നില്ലെന്നും കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് രേഖാ ശർമ ആവശ്യപ്പെട്ടത്. ആശമാരെ ദുരിതത്തിലേക്കു തള്ളിവിടരുതെന്നും രേഖാ ശർമ ആവശ്യപ്പെട്ടു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE