ന്യൂഡൽഹി: പാകിസ്താനെതിരെ വീണ്ടും ഇന്ത്യയുടെ തിരിച്ചടി. പാകിസ്താനിലെ ഒമ്പത് സൈനികകേന്ദ്രങ്ങൾ ഇന്ത്യ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചു.ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ഇന്ത്യൻ സൈന്യം 'എക്സി'ലൂടെ വ്യക്തമാക്കി. പാകിസ്താൻ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്.
മികച്ച കൃത്യതയിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി സംഘർഷം വലുതാക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷേ, പാകിസ്താൻ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. ഇന്ത്യയിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും തക്കതായ മറുപടി നൽകുമെന്ന് ഇന്ത്യ ആവർത്തിച്ചു.പാകിസ്താൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയിലെ അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നാൽ, ഫലോഡി, ഉത്തർലായ്, ഭുജ് എന്നിവയുൾപ്പെടെ നിരവധി സൈനിക ലക്ഷ്യങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇന്ത്യ ഇതിനെ പ്രതിരോധിച്ചു. ഈ ആക്രമണങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നുണ്ട്. ഇന്ത്യൻ ആർമി വ്യക്തമാക്കി.