ന്യൂഡൽഹി: രാജ്യത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി എച്ച്.എം.പി.വി. സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള ഏഴും പതിനാലും വയസ്സുള്ള രണ്ടുകുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ലാബിൽ നിന്നുള്ള പരിശോധനയിലാണ് ഫലം പുറത്തുവന്നത്. ജനുവരി മൂന്നിനാണ് പനിയും ചുമയും മൂലം കുട്ടികളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച എച്ച്.എം.പി.വി. കേസുകളുടെ എണ്ണം ഏഴായി.
കുട്ടികളുടെ സാമ്പിളുകൾ എയിംസ് വൈറോളജി ഡിപ്പാർട്മെന്റിലേക്ക് അയച്ചിരിക്കുകയാണ്. രണ്ടുരോഗികളും നിലവിൽ രോഗമുക്തരാണെന്ന് നാഗ്പൂർ കളക്ടർ അറിയിച്ചു.തിങ്കളാഴ്ച അഞ്ച് എച്ച്.എം.പി.വി. കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിലെ ബെംഗളൂരുവിൽ നിന്നാണ് ആദ്യരണ്ടു കേസുകൾ. പിന്നാലെ തമിഴ്നാട്ടിൽ രണ്ടുപേരിലും ഗുജറാത്തിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. അതിനിടെ ഈ രോഗം പുതുതല്ലെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.