അഹമ്മദാബാദ്: ഗുജറത്തിൽ പാലം തകര്‍ന്നുവീണ് ഒമ്പത് പേര്‍ മരിച്ചു. വഡോദര ജില്ലയിലെ പാദ്രയില്‍ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണു. രണ്ട് ട്രക്കുകള്‍, ഒരു എസ് യു വി, ഒരു പിക്കപ്പ് വാന്‍, ഒരു ഓട്ടോറിക്ഷ എന്നിവ നദിയിലേക്ക് വീണതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ തിരക്കേറിയ സമയത്തായിരുന്നു അപകടം.
ഇതുവരെ ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പത്തോളംപേരെ രക്ഷപ്പെടുത്തിയതായും വഡോദര പോലീസ് സൂപ്രണ്ട് രോഹന്‍ ആനന്ദ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വഡോദര ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും പോലീസും അഗ്‌നി-രക്ഷാ സേനാ സംഘങ്ങളും ഒപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. മുങ്ങിയ വാഹനങ്ങള്‍ വീണ്ടെടുക്കാന്‍ ക്രെയിനുകള്‍ എത്തിച്ചിട്ടുണ്ട്.