ന്യൂഡൽഹി: എസ്‌ഡിപിഐയുടെ വിവിധ ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്‌ഡ്. രാജ്യവ്യാപകമായി 14 ഇടങ്ങളിലാണ് പരിശോധന. കേരളത്തിൽ മൂന്നിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. എസ്‌ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എംകെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് റെയ്‌ഡ്. രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് വിദേശത്ത് നിന്നുൾപ്പെടെ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ആ പണം വരുന്നത് എസ്‌ഡിപിഐ വഴിയാണ്. പിഎഫ്ഐയും എസ്‌ഡിപിഐയും ഒന്നാണ്. എസ്‌ഡിപിഐയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പിഎഫ്‌ഐ ആണ് തുടങ്ങിയ ആരോപണങ്ങളാണ് ഫൈസിയുടെ അറസ്റ്റിന് പിന്നാലെ ഇഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.എസ്‌ഡിപിഐയുടെ മലപ്പുറം ജില്ലാ ഓഫീസിൽ പരിശോധന നടക്കുന്ന വിവരം പുറത്തുവന്നിരുന്നു. കേരളത്തിൽ പരിശോധന നടക്കുന്ന മറ്റ് സ്ഥലങ്ങൾ എവിടെയെന്ന് വ്യക്തമല്ല. കേന്ദ്ര സേനയെ ഉപയോഗിച്ച് സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസിനെ പരിശോധനയുടെ വിവരം അറിയിച്ചിട്ടില്ല.