ചെന്നൈ: ഇന്ത്യയിലെ 'ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ്' എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ഡോ. മാത്യുവാണ് 1986-ല്‍ ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി നടത്തിയത്. 1948-ല്‍ കോട്ടയത്താണ് അദ്ദേഹത്തിൻറെ ജനനം.
കോട്ടയം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് പഠനത്തിനു ശേഷം ചെന്നൈയിൽനിന്ന് ഉപരിപഠനം പൂർത്തിയാക്കി. തുടർന്ന് സ്കോളർഷിപ്പ് നേടി സ്വിറ്റ്സർലൻഡിലെത്തി. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന ഡോ. ആന്‍ഡ്രിയാസ് ഗ്രുവന്‍സിക്കിന്റെ കീഴിലായിരുന്നു അവിടെ മാത്യുവിൻറെ പഠനം. ശേഷം തുടർപഠനങ്ങൾക്കായി ആന്‍ഡ്രിയാസ് ഗ്രുവന്‍സിക്കിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറി. 1985-ലാണ് മാത്യു ഇന്ത്യയിലേക്ക് മടങ്ങുന്നത്. ആൻജിയോപ്ലാസ്റ്റി മേഖലയില്‍ ഇന്ത്യ യു.എസിനും യൂറോപ്പിനും 10 വര്‍ഷം പിന്നില്‍ സഞ്ചരിച്ചിരുന്ന കാലത്താണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ താൻ തീരുമാനിച്ചതെന്ന് പിൽക്കാലത്ത് മാത്യു പറഞ്ഞിട്ടുണ്ട്.
ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാകാനുള്ള വലുപ്പം ഇന്ത്യക്കാരുടെ കൊറോണറി ആര്‍ട്ടറിക്കില്ല എന്ന വിശ്വാസമായിരുന്നു അക്കാലത്ത് ആരോഗ്യവിദഗ്ധർ സൂക്ഷിച്ചിരുന്നതെന്ന് 1997-ല്‍ ദ ഹിന്ദുവിന്റെ ഫ്രണ്ട്‌ലൈന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാത്യു കളരിക്കല്‍ ഓര്‍മ്മിക്കുന്നുണ്ട്.
1986-ൽ 18 രോഗികളിലും അടുത്ത വര്‍ഷം 150 രോഗികളിലും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ആൻജിയോപ്ലാസ്റ്റി നടന്നു. ബൈപ്പാസ് ശസ്ത്രക്രിയ മാത്രം പ്രചാരത്തിലുണ്ടായിരുന്ന കാലത്താണ് ഹൃദ്രോഗികള്‍ക്ക് ആശ്വസമായി പുതിയ ചികിത്സാ രീതിയുമായി മാത്യു കളരിക്കല്‍ ഇന്ത്യയിലേക്കെത്തുന്നത്.