ഇന്ത്യയിലെ നല്ലൊരു ശതമാനം ആളുകളും ചായ പ്രേമികളാണ്. ചൂട് ചായ ജീവിതത്തിൽ വില്ലനായി മാറും എന്നു എത്ര പേർ വിശ്വസിക്കും? പുതിയ പഠനം പറയുന്നതനുസരിച്ച് ചൂട് ചായ കുടിക്കുന്നത് കാൻസറിന് വരെ കാരണമായേക്കാം.ചൂടുള്ള ചായ കുടിക്കുന്നത് അന്നനാളത്തെ ബാധിക്കുന്ന അപൂർവമായ ഒസോഫൊജിയൽ കാൻസർ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചായയിലെയോ കാപ്പിയിലേയൊ രാസ വസ്തുക്കളാണ് കാൻസർ ഉണ്ടാക്കുന്നത് എന്ന് വിചാരിച്ചാൽ തെറ്റി. അങ്ങനെയല്ല കാര്യം.ചൂടാണ് കാൻസർ ഉണ്ടാക്കുന്നത്.
ഗവേഷണ പഠനങ്ങളുടെ സമന്വയമായ മെറ്റ-അനാലിസിസുകളുടെ ഗവേഷണമാണ് ഓസോഫോഗൽ സ്‌ക്വമാസ് സെൽ കാർസിനോമ എന്ന കാൻസർ വരാൻ ചൂട് പാനീയങ്ങൾ കുടിക്കുന്നവർക്കുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. ചൂട് ചായ കുടിക്കുന്നത് നാക്കിനെ പൊള്ളിക്കാറുണ്ട്. അതുപോലെ തന്നെ നമ്മുടെ അന്നനാളത്തെയും പൊള്ളിക്കും. അങ്ങനെ സ്ഥിരമായി അന്നനാളത്തിൽ പൊള്ളലേൽക്കുന്നത് കാൻസറിന് കാരണമാവുന്നു.
നമ്മൾ അമിത ചൂടുള്ള ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ അന്നനാളത്തിലെ ആവരണം ചൂടു ആഗിരണം ചെയ്യുന്നു.അമിതമായ ചൂട് അന്നനാളത്തില്‍ പോറലേല്‍പ്പിക്കുന്നു. വീണ്ടും വീണ്ടും ചൂട് പാനീയങ്ങള്‍ കുടിക്കുന്നത് തുടരുമ്പോൾ ഈ പോറല്‍ ഉണങ്ങാതിരിക്കുകയും വീക്കമുണ്ടാക്കാനും അതിലൂടെ കോശങ്ങൾ നശിക്കുന്നതിനും ഒടുവിൽ കാൻസർ ആയി മാറുന്നതിനും കാരണമാകുന്നു.
ലോകാരോഗ്യ സംഘടനയുടെ കാൻസർ ഗവേണഷണ വിഭാഗം 65ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള പാനീയങ്ങൾ കാൻസറിന് കാരണമായേക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്. ചൂടുള്ള പാനീയങ്ങള്‍ക്ക് പുറമെ പുകവലിക്കുകയും കൊഴുപ്പ് കൂടുതലുള്ള മാംസാഹാരം കഴിക്കുന്നതും അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത പത്തു മടങ്ങ് വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.