ബെംഗളൂരു: വധുവിനെ കണ്ടെത്താൻ സാധിക്കാത്തതിന് മാട്രിമോണിയൽ സ്ഥാപനത്തിന് 60,000 രൂപ പിഴയിട്ട് ബെംഗളൂരുവിലെ ഉപഭോക്തൃകോടതി. ബെംഗളൂരു സ്വദേശിയായ കെ.എസ്. വിജയകുമാർ നൽകിയ പരാതിയിലാണ് നടപടി.
മകൻ ബാലാജിക്ക് വധുവിനെ തേടിയാണ് വിജയകുമാർ ദിൽ മിൽ മാട്രിമോണിയൽ വെബ്സൈറ്റിൽ പരസ്യം നൽകിയത്. ഫെയ്‌സ്ബുക്ക് പരസ്യത്തിലൂടെയാണ് ഇദ്ദേഹം സ്ഥാപനത്തെക്കുറിച്ചറിഞ്ഞത്. മാർച്ച് 17-ന് സ്ഥാപനവുമായി ബന്ധപ്പെട്ടു. മകന്റെ ചിത്രങ്ങളും ആവശ്യമായ രേഖകളും കൈമാറി. 30,000 രൂപ ഫീസും നൽകി.45 ദിവസത്തിനകം പൊരുത്തമുള്ള പെൺകുട്ടിയെ കണ്ടെത്തിത്തരുമെന്നായിരുന്നു സ്ഥാപനത്തിന്റെ വാഗ്ദാനം. 45 ദിവസമായിട്ടും നടപടിയില്ലാത്തതിനാൽ വിജയകുമാർ ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു. 30,000 രൂപ തിരികെ നൽകുന്നതിനൊപ്പം നഷ്ടപരിഹാരമായി 20,000 രൂപയും മാനസികബുദ്ധിമുട്ട് നേരിട്ടതിന് 5,000 രൂപയും കോടതിച്ചെലവിലേക്ക് 5000 രൂപയും നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.