കായംകുളം: ആലപ്പുഴയില്‍ സിപിഎം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി ബാബു ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ആലപ്പുഴയിലെ സിപിഎം വിഭാഗീയതയ്ക്കിടെയാണ് പാര്‍ട്ടി വിടുന്നത്. 2021-23 കാലയളവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ബിപിൻ. എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
നേരത്തേ കരീലക്കുളങ്ങരയിൽ സത്യൻ എന്ന ഓട്ടോറിക്ഷക്കാരനെ 2001-ൽ സി.പി.എം. ആസൂത്രണംചെയ്തു കൊലപ്പെടുത്തിയതാണെന്ന് ബിപിൻ സി. ബാബു ആരോപണമുന്നയിച്ചിരുന്നു. കേസിൽ നിരപരാധിയായ തന്നെ പ്രതിയാക്കിയെന്നും ബിപിൻ പറഞ്ഞിരുന്നു. അതിനിടെ പാര്‍ട്ടി അംഗം കൂടിയായ ഭാര്യയുടെ ഗാര്‍ഹികപീഡന പരാതിയില്‍ ബിപിന്‍ സി. ബാബുവിനെ ആറുമാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. ഒക്ടോബറില്‍ നടപടിയുടെ കാലാവധി അവസാനിച്ചെങ്കിലും ഇദ്ദേഹത്തെ തിരിച്ചെടുത്തില്ല. പിന്നീട് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാര്‍ട്ടിയില്‍ തിരിച്ചെടുത്തെങ്കിലും നേരത്തെ കായംകുളം ഏരിയ സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന ബിപിന്‍ ബാബുവിനോട് ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശിച്ചത്.