കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നിലവിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ല. സി പി എം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് കരുതുന്നില്ല. ഈ സാഹചര്യത്തിൽ സി ബി ഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നവീൻ ബാബുവിന്റെ ഭാര്യയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
പൊലീസ് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തിയില്ല. സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ പലതും പുറത്തേക്ക് വരില്ല. സംഭവവുമായി ബന്ധപ്പെട്ട് പല കഥകളും പലരും പുറത്തുവിടുന്നുണ്ട്. സി പി എം നേതാവാണ് കേസിലെ പ്രതി.ഭരണതലത്തിലടക്കം അവർക്ക് സ്വാധീനമുണ്ട്. ഇത് കേസന്വേഷണത്തെ ബാധിച്ചേക്കാം. ഇക്കാര്യത്തിൽ നീതിപൂർവമായ അന്വേഷണമാണ് വേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സംസ്ഥാന പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കരുതുന്നില്ല. നീതി ലഭിക്കാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണം. കുറ്റക്കാർക്കെതിരെ കൃത്യമായ അന്വേഷണം വേണം എന്നാണ് ഹർജിയിൽ പറയുന്നത്.