വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടലിൽ കടവൂർ സണ്ണിയുടെ വീട്ടിൽ അഭയംതേടിയ 35 പേർക്ക് ലഭിച്ചത് പുതുജീവൻ. വിലങ്ങാട് മഞ്ഞച്ചീളിൽ ആദ്യം ചെറിയ ശബ്ദത്തോടെയാണ് ഉരുൾപൊട്ടിയത്.
പുഴയിൽനിന്ന് അസാധാരണ ശബ്ദവും കല്ലുകളുടെ ഉരുൾച്ചയും കേട്ട് വീട്ടുകാർ തമ്മിൽ വിളിച്ച് ഉരുൾപൊട്ടിയതാണെന്ന് ഉറുപ്പുവരുത്തി. ഉടനെ മലയുടെ മുകൾഭാഗത്തുനിന്നുള്ളവരോട് മാറിനിൽക്കാൻ ഫോണിലൂടെയും മറ്റും വിവരങ്ങൾ കൈമാറി. വളരെ പെട്ടെന്നുതന്നെ 15ഓളം കുടുംബങ്ങളിൽനിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം റോഡിനോട് ചേർന്ന സണ്ണിയുടെ വീട്ടിലേക്ക് അഭയം തേടി.
പിന്നെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഉരുൾപൊട്ടി പാറകളും വെള്ളവും കുത്തിയൊലിക്കുകയായിരുന്നു. സണ്ണിയുടെ വീടിന് ചുറ്റും മണ്ണും കല്ലും വെള്ളവും ഒഴുകിയിറങ്ങി. വീട്ടിലുള്ളവരെല്ലാം മുകൾ നിലയിലേക്ക് അഭയം തേടി. വീടിന്റെ തൊട്ടുപിന്നിലെ റോഡിനോട് ചേർന്ന ഭാഗം മുഴുവൻ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി.