
വടകര: പട്ടണത്തിലെ പ്രധാന വ്യാപാര-വാണിജ്യ കേന്ദ്രമായിരുന്ന കോട്ടപ്പറമ്പിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനും ഞായറാഴ്ച ചന്ത ആരംഭിക്കുവാനും കടത്തനാട് അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും വിവിധ ട്രേഡ് യൂണിയനുകളും സംയുക്തമായി ചേർന്ന യോഗം ആവശ്യപ്പെട്ടു. വടകര പഴയ ബസ് സ്റ്റാൻഡ് വൈകുന്നേരം 6 മണി കഴിഞ്ഞാൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ട കേന്ദ്രമായിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാണിച്ചു.
മേഖലയിലെ തെരുവ് വിളക്കുകൾ അടിയന്തിരമായി പ്രവർത്തനക്ഷമമാക്കാൻ ബന്ധപ്പെട്ട അധികാരികൾ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു. സംരക്ഷണ സമിതി ജനറൽ കൺവീനർ കെ.എൻ.എ. അമീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് കൗൺസിലർ ബിജുൽ ആയാടത്തിൽ ഉൽഘാടനം ചെയ്തു. കടത്തനാട് അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ പത്മകുമാർ കെ.പി സൺഡേ മാർക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. വി.കെ ശശി, കെ.പി പ്രസാദ്, മനോജൻ കണ്ണിയത്ത്, പി.ടി.ആർ നിധീഷ് ,സുജ രാമകൃഷ്ണൻ , രാജേഷ് എം.കെ എന്നിവർ സംസാരിച്ചു. പി.രാജീവൻ സ്വാഗതവും രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.