വളയം : ജാതിയേരിയിൽ വളയം സ്വദേശികളായ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ജാതിയേരി സ്വദേശികളായ പീടികയിൽ റസാഖ് (53), പീടികയിൽ ഷഫീഖ് (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം.
ജാതിയേരിയിലെ കടയ്ക്ക് സമീപം ബൈക്ക് നിർത്തി വെള്ളം കുടിക്കുന്നതിനിടയിൽ വാഹനം നിർത്തിയതിനെ ചോദ്യംചെയ്ത് ഒരു സംഘം ആളുകൾ യുവാക്കളെ മർദിക്കുകയായിരുന്നു. വളയം തീക്കുനിയിലെ ചപ്പാരച്ചംകണ്ടിയിൽ അമൽബാബു, അഭിനന്ദ്, വിഷ്ണു, അർജുൻ എന്നിവർക്കാണ് മർദനമേറ്റത്. സംഘർഷത്തിനിടെ ഒരു യുവാവ് കടയിൽനിന്ന് സോഡാകുപ്പി എടുത്ത് പൊട്ടിച്ചശേഷം അമൽ ബാബുവിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കണ്ണിന് താഴെ മുറിവേറ്റ അമലിനെ വളയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റി. അമൽ ബാബുവിന്റെ പരാതിയിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. അക്രമത്തിൽ രണ്ട് പേർ ഒളിവിലാണ്.