ന്യൂഡൽഹി: വിരമിക്കൽ തീരുമാനം തിരുത്തി സൂപ്പർ സ്ട്രൈക്കർ സുനിൽ ഛേത്രി വീണ്ടും ഇന്ത്യൻ ഫുട്ബോൾ ടീമിൽ. മാലദ്വീപുമായി 19-ന് നടക്കുന്ന സൗഹൃദമത്സരത്തിനും 25ന് ബംഗ്ലാദേശുമായി നടക്കുന്ന ഏഷ്യൻകപ്പ് യോഗ്യതാ മത്സരത്തിനുമുള്ള ടീമിലാണ് കോച്ച് മനേലാ മാർക്വേസ്, ഛേത്രിെയ ഉൾപ്പെടുത്തിയത്. ഏഷ്യൻ കപ്പ് യോഗ്യതാമത്സരത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സൗഹൃദമത്സരം.ഏഷ്യൻകപ്പ് യോഗ്യത നേടുകയെന്നത് പ്രധാനമാണ്. അതുകൊണ്ടാണ് ഛേത്രിയുമായി സംസാരിച്ച് ടീമിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ടതെന്ന് മനോല പറഞ്ഞു.
ഇന്ത്യക്കായി ഏറ്റവുമധികം ഗോൾ (94) നേടിയ താരമാണ് ഛേത്രി. അന്താരാഷ്ട്ര ഗോളുകളിൽ ലോകത്തെ നാലാമത്തെ താരവുമാണ്. ജൂൺ ആറിന് കൊൽക്കത്തയിൽ കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിനുശേഷമാണ് ഛേത്രി ദേശീയടീമിൽനിന്ന് വിരമിച്ചത്.എന്നാൽ, ബെംഗളൂരു എഫ്.സി.ക്കായി കളി തുടരുകയാണ്. ഐ.എസ്.എലിൽ ഇത്തവണ 14 ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. ഇന്ത്യൻ താരങ്ങളിൽ ടോപ് സ്കോററാണ്. ബെംഗളൂരു പ്ലേ ഓഫിലേക്ക് യോഗ്യത നേടിയതിൽ ഛേത്രിയുടെ പങ്ക് നിർണായകമായിരുന്നു.